കേരളത്തിൽ കൂടുതൽ സാമ്പത്തികക്കോടതികൾ വേണം: കസ്റ്റംസ് കമ്മിഷണർ

കൊച്ചി ∙ കേരളത്തിലെ കസ്റ്റംസ് കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ സാമ്പത്തിക കുറ്റവിചാരണക്കോടതികൾ ആരംഭിക്കണമെന്നു കസ്റ്റംസ് കമ്മിഷണർ സുമിത്ത് കുമാർ. ഇപ്പോൾ കേരളത്തിനും ലക്ഷദ്വീപിനും കൂടി കൊച്ചിയിലെ ഒരു കോടതിയാണുള്ളത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസ് റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നു കോടതികളെങ്കിലും കേരളത്തിൽ വേണം.

കേരളാ പൊലീസും എക്സൈസും കസ്റ്റംസുമായുള്ള സഹകരണം കുറച്ചുകൂടി കാര്യക്ഷമമാക്കിയാൽ സംസ്ഥാനത്തെ ലഹരിക്കടത്തു വലിയ പരിധിവരെ തടയാൻ കഴിയും. പൊലീസും എക്സൈസും എടുക്കുന്ന ലഹരിക്കേസുകളിൽ ആഴത്തിലുള്ള അന്വേഷണത്തിന് അവർക്കു സമയം ലഭിക്കാറില്ല. കേസിന്റെ വിശദാംശങ്ങൾ കസ്റ്റംസിനു കൈമാറിയാൽ ലഹരി കടത്തിന്റെ കണ്ണികളെ പിടികൂടാൻ കഴിയുമെന്നും കമ്മിഷണർ പറഞ്ഞു

രാജ്യത്തു സ്വർണ കള്ളക്കടത്തു പിടികൂടുന്നതിൽ മുന്നിൽ നിൽക്കുന്ന യൂണിറ്റാണു കൊച്ചിയിലുള്ളത്. കള്ളക്കടത്തുകാരുടെ മുഴുവൻ തന്ത്രങ്ങളും പൊളിക്കാൻ കസ്റ്റംസിനു കഴിയുന്നുണ്ട്. കൂടുതൽ ശക്തമായ ഡോഗ് സ്ക്വാഡ് പരിഗണനയിലാണ്. ലക്ഷദ്വീപ് കംസ്റ്റംസിന്റെ പ്രത്യേക നിരീക്ഷണം ആവശ്യപ്പെടുന്ന സ്ഥലമാണ്. അവിടെ മൂന്നു ദ്വീപുകളിൽ മാത്രമാണു പൊലീസ് സ്റ്റേഷനുള്ളത്. കള്ളക്കടത്ത് തടയുന്നതിനൊപ്പം രാജ്യസുരക്ഷയും കസ്റ്റംസിന്റെ ചുമതലയാണെന്നു കമ്മിഷണർ പറഞ്ഞു.