കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശമദ്യ ഡ്യൂട്ടിഫ്രീ ഷോപ്പ് ‘പ്ലസ്മാക്സ്’ 13,000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ വിദേശത്തേക്കു കടത്തിയതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം. പ്ലസ് മാക്സ് ആറു കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന കേസിൽ അറസ്റ്റിലായ സിഇഒ ആർ. സുന്ദരവാസന്റെ ജാമ്യാപേക്ഷയ്ക്കെതിരെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു യാത്രക്കാരുടെ വിവരങ്ങൾ മലേഷ്യയിലേക്കു കടത്തിയതായി കസ്റ്റംസ് ആരോപിക്കുന്നത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ പേരിൽ വിദേശമദ്യം അനുവദിച്ചതായി രേഖയുണ്ടാക്കുകയും ഇത്രയും മദ്യം വിമാനത്താവളത്തിനു പുറത്തേക്കു കടത്തുകയും ചെയ്തുവെന്നാണു കസ്റ്റംസിന്റെ േകസ്. യാത്രക്കാരുടെയും ഡ്യൂട്ടിഫ്രീ ഷോപ്പിലെ ഇടപാടുകളുടെയും വിശദാംശങ്ങൾ നേരത്തേ ഹൈദരാബാദിൽനിന്നു മലേഷ്യയിലെ സെർവറിലേക്കു മാറ്റിയെന്നാണു പ്ലസ് മാക്സ് അറിയിച്ചിരിക്കുന്നതെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ഈ വിവരങ്ങൾ പ്ലസ് മാക്സ് ഇതുവരെ കസ്റ്റംസിനു നൽകിയിട്ടില്ല. ആർ. സുന്ദരവാസന്റെ പാസ്പോർട്ടിലെ മേൽവിലാസം വ്യാജമാണെന്നും തഞ്ചാവൂരിലെ നിർമാണം പൂർത്തിയാകാത്ത മൂന്നു നില ഗോഡൗൺ കെട്ടിടത്തിന്റെ മേൽവിലാസത്തിലാണു പാസ്പോർട്ട് അനുവദിച്ചിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കംപ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടതിനാൽ ഇടപാടുകളുടെ വിശദാംശങ്ങൾ ലഭ്യമല്ലെന്നാണു നേരത്തെ പ്ലസ് മാക്സ് പറഞ്ഞിരുന്നത്. സി ഡിറ്റിലെ വിദഗ്ധർ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ ഈ വാദം തെറ്റാണെന്നു വ്യക്തമായിരുന്നു. കസ്റ്റംസ് തീരുവ വെട്ടിപ്പിൽ എയർപോർട്ട് അതോറിറ്റിക്കും നഷ്ടം സംഭവിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഷോപ്പിന്റെ ലാഭവിഹിതത്തിന്റെ 46% എയർപോർട്ട് അതോറിറ്റിക്കു നൽകണമെന്നാണു പ്ലസ് മാക്സുമായുള്ള കരാർ. യഥാർഥ കണക്കുകൾ ലഭ്യമല്ലെന്നതിനാലും വെട്ടിപ്പു നടന്നതായി വ്യക്തമായതിനാലും യഥാർഥ ലാഭവിഹിതം പ്ലസ് മാക്സ് നൽകിയിരിക്കാനിടയില്ലെന്നാണു കസ്റ്റംസിന്റെ കണ്ടെത്തൽ.
അതേസമയം, ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്ലസ് മാക്സിനു ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നോട്ടിസ് നൽകി. യാത്രക്കാരുടെ വിവരങ്ങൾ ദുരുപയോഗിച്ചുവെന്ന വിവരത്തെത്തുടർന്നാണിത്. ഷോപ്പിന്റെ കസ്റ്റംസ് ലൈസൻസ് നേരത്തേ റദ്ദാക്കിയിരുന്നു.