Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം വിമാനത്താവളം: വ്യക്തതയില്ലാതെ ഉദ്യോഗസ്ഥർ

trivandrum-airport

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽകരിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സമ്മതമുണ്ടോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ വ്യോമയാന മന്ത്രാലയം. ഇതേക്കുറിച്ച് സംസ്ഥാന സർക്കാരിന് അറിയാമെന്നു മാത്രമാണ് ഇന്നലെ രാജ്യസഭയുടെ പരാതി സമിതി മുൻപാകെ മന്ത്രാലയ ഉദ്യോഗസ്ഥർ മറുപടി നൽകിയത്. 

തിരുവനന്തപുരമുൾപ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്കു കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് വേണ്ടത്ര തയാറെടുപ്പില്ലാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നു സമിതി വിലയിരുത്തിയതിനാൽ യോഗം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു. 

സ്വകാര്യവൽകരിക്കുന്ന വിമാനത്താവളങ്ങളിൽ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം, ആരോഗ്യ പരിശോധന, കസ്റ്റംസ്, ഇമിഗ്രേഷൻ തുടങ്ങിയ സേവനങ്ങൾ ഒഴികെയുള്ളവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. അടുത്ത ഫെബ്രുവരി 28നാണ് കരാർ അനുവദിച്ചുള്ള കത്ത് സ്വകാര്യ കമ്പനിക്കു നൽകുക. 

സ്വകാര്യവൽകരണം നടപ്പാക്കുമ്പോൾ ജീവനക്കാരെ വിന്യസിക്കുന്നതു സംബന്ധിച്ച് മന്ത്രാലയം തയാറാക്കിയ രേഖയിൽ പറയുന്നത്: 

∙ 6 വിമാനത്താവളങ്ങളിലെയും ജീവനക്കാർ എയർപോർട്ട് അതോറിറ്റിയുടെ ജീവനക്കാരായി തുടരും. 

∙ അസിസ്റ്റന്റ് മാനേജർ വരെയുള്ളതിൽ 60% ജീവനക്കാർക്ക് സ്വകാര്യ കമ്പനി 90 ദിവസത്തിനകം ജോലി വാഗ്ദാനം ചെയ്യണം. നിലവിൽ എയർപോർട്ട് അതോറിറ്റി അനുവദിച്ചിട്ടുള്ളതിനേക്കാൾ താഴ്ന്നതാവരുത് വ്യവസ്ഥകൾ. 

∙ കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കുന്നവർ ഒഴികെയുള്ള ജീവനക്കാർ എയർപോർട്ട് അതോറിറ്റിയുടെ ജീവനക്കാരായി തുടരും. ഇവരെ അതോറിറ്റി പുനർവിന്യസിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യും. 

∙ കമ്പനിയുടെ ജോലി വാഗ്ദാനം നിരസിക്കുന്ന ജീവനക്കാർക്കും 3 വർഷത്തേക്ക് ആനുകൂല്യങ്ങൾ നൽകേണ്ട ബാധ്യത കമ്പനിക്കാണ്.