കൊച്ചി ∙ തിരുവനന്തപുരം വിമാനത്താവളത്തിലെ വിദേശമദ്യ ഡ്യൂട്ടിഫ്രീ ഷോപ് ‘പ്ലസ് മാക്സ്’ ആറു കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചുവെന്ന കേസിൽ സംശയത്തിന്റെ നിഴലിലുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയില്ലാത്തതു വിവാദത്തിലേക്ക്. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ ജോലി ചെയ്യവെ, രാജ്യാന്തര യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ ശേഖരിച്ചു ‘പ്ലസ് മാക്സി’നു നൽകാൻ നിർദേശം നൽകിയത് ഈ ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗം ചോദ്യംചെയ്യാൻവേണ്ടി മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഇദ്ദേഹം ഹാജരാവുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്തിട്ടില്ല. വീട്ടിൽ കഴിഞ്ഞയാഴ്ച അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയുമില്ല. ഇദ്ദേഹം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഇദ്ദേഹത്തെ ചരക്ക്, സേവന നികുതി വിഭാഗത്തിലെ ഓഡിറ്റ് വിങ്ങിലേക്കു സ്ഥലം മാറ്റിയെങ്കിലും, ഇതു നേരത്തേ ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലസ് മാക്സ് കേസ് വഴിതെറ്റിക്കാൻ നേരത്തേതന്നെ ഉന്നതതല സമ്മർദമുണ്ടായി. കേന്ദ്രസർക്കാരിലെ ഉന്നതർ ഇടപെടുകയും പ്ലസ് മാക്സ് ഡ്യൂട്ടിഫ്രീ ഷോപ് തുറക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ കർക്കശ നിലപാടുകൾ മൂലം ഇടപെടലുകൾ ലക്ഷ്യം കാണാതെപോയി.
ഇതിനിടെ, അന്വേഷണ സംഘാംഗങ്ങൾക്കും സുമിത്കുമാറിനുമെതിരെ ഭീഷണികളും ഉയർന്നു. കേസിൽ പ്രതിയാകുമെന്നു ഭയക്കുന്ന, തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനടക്കമുള്ളവർ അന്വേഷണ സംഘത്തിനെതിരെ വ്യാജ ആരോപണങ്ങളും പരാതികളും പല ഉന്നത കേന്ദ്രങ്ങളിലേക്കും അയയ്ക്കുന്നതായി ആക്ഷേപമുണ്ട്. കമ്മിഷണർ സുമിത്കുമാറിനു നേരെയുള്ള വധഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങി.