കോട്ടയം∙ എല്ലാ കുടുംബങ്ങൾക്കും പാചക വാതക കണക‌്ഷൻ നൽകാൻ ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതി പ്രകാരം കേരളത്തിൽ 93 പുതിയ ഗ്യാസ് ഏജൻസികൾ കൂടി അനുവദിക്കും. പഞ്ചായത്തുകളിലാണ് പുതിയ വിതരണക്കാരെ ക്ഷണിച്ചിട്ടുള്ളത്. രാജ്യം മുഴുവൻ ഒന്നര വർഷം കൊണ്ട് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
ഗ്യാസ് ഏജൻസികൾ അനുവദിക്കുന്നതു സംബന്ധിച്ചു നടപടിക്രമങ്ങൾ സുതാര്യമാകണമെന്ന മന്ത്രാലയത്തിന്റെ കർശന നിർദേശം ഉള്ളതിനാൽ ഓൺലൈൻ വഴി നടന്ന അപേക്ഷ സ്വീകരിക്കലും മറ്റും രാജ്യമാകെ കർശന നിരീക്ഷണത്തിലാണ്. കേരളത്തിൽ 93 പുതിയ ഏജൻസികൾ കൂടി വരുന്നതോടെ സൗജന്യ നിരക്കിൽ സിലിണ്ടർ എത്തിച്ചു കൊടുക്കുന്ന അഞ്ചു കിലോമീറ്റർ പരിധിയിൽ, ഓരോ ഏജൻസിയിലെയും ഉപഭോക്താക്കളെ പുനർ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് വിതരണ കമ്പനികളുടെ പ്രതീക്ഷ.
പുതിയതായി അനുവദിക്കുന്ന ഏജൻസികളിൽ പകുതി പ്രധാന വിതരണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ വഴിയാവും. ബാക്കി ഭാരത് പെട്രോളിയത്തിനും ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും നൽകാനാണു ധാരണ.
മൂന്നു വർഷം; അഞ്ചു കോടി കണക്‌ഷൻ
പിഎംയുവൈ സെപ്റ്റംബർ ഒന്നിനാണ് കേരളത്തിൽ തുടങ്ങിയത്. ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. മൂന്നു വർഷം കൊണ്ട് അഞ്ചു കോടി കണക്‌ഷൻ നൽകുകയാണ് ലക്ഷ്യം. കണക‌്ഷൻ എടുക്കുന്നതിനുള്ള 1600 രൂപ ബിപിഎൽ കുടുംബത്തിനു സബ്സിഡിയായി ലഭിക്കും. സ്റ്റൗ വാങ്ങുന്ന ചെലവു മാത്രമേ കുടുംബത്തിനുള്ളൂ. കേരളത്തിൽ ഇതുവരെ മുപ്പതിനായിരം കണക‌്ഷനുകളാണ് ഇൗ പദ്ധതിയിൽ നൽകിയത്.