തിരുവനന്തപുരം∙ പുതുവൈപ്പിലെ എൽപിജി ടെർമിനൽ പ്രവർത്തനത്തിനു സംസ്ഥാന സർക്കാരിന്റെ സഹായ സഹകരണങ്ങൾ തേടിയതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികൃതർ. ചീഫ് സെക്രട്ടറി പോൾ ആന്റണിയുമായി അവർ ചർച്ച നടത്തി.
ഹരിത ട്രൈബ്യൂണലിലെ അനുകൂല വിധിക്കു ശേഷം ആദ്യമായാണ് ഐഒസി അധികൃതർ സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ഹരിത ട്രൈബ്യൂണൽ വിധിപ്പകർപ്പ് അവർ ചീഫ് സെക്രട്ടറിക്കു കൈമാറി.
ട്രൈബ്യൂണലിന്റെ അനുകൂല വിധിയും തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിയും കിട്ടിയ സ്ഥിതിക്കു പ്രവർത്തനം പുനരാരംഭിക്കാമെന്നും ഇതിനു സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്തുകൊടുക്കുകയാണു വേണ്ടതെന്നുമാണു കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഒസി ഡപ്യൂട്ടി ജനറൽ മാനേജർ ടി.ജി.രാജേന്ദ്രൻ, ധനപാണ്ഡ്യൻ എന്നിവർ ചീഫ് സെക്രട്ടറിയെ കണ്ടത്.