അമേരിക്കയിലെ സിയാറ്റിൽ നഗരത്തിലെ ‘ആമസോൺ ഗോ’ സൂപ്പർ മാർക്കറ്റിൽനിന്ന് ആളുകൾ കയ്യിൽക്കിട്ടിയതൊക്കെ വാരി ബാഗിലിട്ട് കാശൊന്നും കൊടുക്കാതെ സ്ഥലം വിടുന്നതു കണ്ടാൽ ‘കള്ളൻ, കള്ളൻ’ എന്നു വിളിച്ചുകൂവി പൊലീസിനെ വരുത്തരുത്. ആ സൂപ്പർ മാർക്കറ്റ് അങ്ങനെയാണ്. ആമസോണിന്റെ വമ്പൻ സാങ്കേതിക പരീക്ഷണം. കാഷ്യറില്ല, റജിസ്റ്റർ ബുക്കില്ല, പണമില്ല. പക്ഷെ, കമ്പ്യൂട്ടർ കണ്ണുകൾ ഓരോ ആളെയും കാണുന്നുണ്ട്.
‘ആമസോൺ ഗോ’ എന്ന മൊബൈൽ ആപ് സ്കാന്‍ ചെയ്ത് വാതിൽ തുറന്നാണ് സൂപ്പർ മാർക്കറ്റിൽ ഉപഭോക്താവ് പ്രവേശിക്കുക. ഷെൽഫിൽനിന്ന് ഒരു സാധനമെടുത്താൽ അത് ഉപഭോക്താവിന്റെ വെർച്വൽ കാർട്ടിൽ രേഖപ്പെടുത്തും. അത് തിരികെ ഷെൽഫിൽ വച്ചാൽ കാർട്ടിൽ നിന്നു നീക്കുകയും ചെയ്യും. അങ്ങനെ ഇഷ്ടമുള്ളതൊക്കെ വാങ്ങി കട വിട്ടിറങ്ങുമ്പോൾ, ആകെ ബിൽ തുക ഉപയോക്താവ് ആമസോൺ ആപ്പിൽ ചേർത്തിട്ടുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് ആമസോണിന്റെ പോക്കറ്റിലെത്തും.
സെൻസറുകളും മെഷീൻ ലേണിങ് അൽഗോരിതവുമൊക്കെ ഉപയോഗിച്ച് ഉപഭോക്താവിനെ കൈകാര്യം ചെയ്യുന്നതിനാൽ ‘മാനുഷിക മൂല്യങ്ങൾ’ പാരയായേക്കാം. ഉദാഹരണം: ഉയരം കുറഞ്ഞ ഒരാൾക്കുവേണ്ടി ഉയരത്തെ ഷെൽഫിൽനിന്ന് സാധനമെടുത്താലും പണം സ്വന്തം അക്കൗണ്ടിൽനിന്നു പോകും. സെൻസറിനറിയില്ല ‘പരോപകാര’മാണെന്ന്!