Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാർ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി: ആമസോണിൽ അന്വേഷണം

Amazon

സാൻഫ്രാൻസിസ്കോ∙ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിലെ ചില ജീവനക്കാർക്കെതിരെ അന്വേഷണം. ചൈനയിലെ കമ്പനികൾക്കാണ് ഈ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് ആമസോൺ ഞായറാഴ്ച സ്ഥിരീകരിച്ചു. ആമസോൺ വഴി സാധനങ്ങൾ വിൽപ്പന നടത്തുന്ന കമ്പനികൾക്കുവേണ്ടിയാണ് ഈ വിവരങ്ങൾ ചോർത്തിയത്. ഇതു കമ്പനിയുടെ നയത്തിന് എതിരാണ്. ഇങ്ങനെ ചോർത്തുന്നതിന് 80 മുതൽ 2,000 ഡോളർ വരെയാണ് ഈടാക്കിയിരുന്നത്.

ഇതു കൂടാതെ, അങ്ങനെ ചെയ്യുന്നവരുടെ വിൽപ്പന അക്കൗണ്ടുകൾ, വിലയിരുത്തലുകൾ തുടങ്ങിയവ നീക്കം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഇങ്ങനെയുള്ളവരുടെ ഫണ്ടുകൾ തടഞ്ഞുവയ്ക്കും ഇവർക്കെതിരെ നടപടിയെടുക്കുമെന്നും വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കി. മാത്രമല്ല, വ്യാജ അക്കൗണ്ടുകളിൽനിന്ന് ഉൽപ്പന്നങ്ങളുടെ തെറ്റായ നിരൂപണങ്ങളും വെബ്സൈറ്റിൽ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി ഇതിനെതിരെയും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ലോകവ്യാപകമായി 5,60,000ൽ അധികം പേരാണ് ആമസോണിൽ ജോലി ചെയ്യുന്നത്.