ബജറ്റ് നിർദേശം നടപ്പായാൽ രാസവസ്തുവില്ലാത്ത കേരള ചിക്കൻ കഴിക്കാം

കൊച്ചി ∙ മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്, കേരളത്തിലെ ചിക്കൻപ്രിയർക്കു നൽകുന്നതു രുചിയും മണവും ഗുണവുമുള്ള പ്രതീക്ഷ. ആന്റിബയോട്ടിക്കുകളും രാസവസ്തുക്കളുമടങ്ങിയ അന്യസംസ്ഥാന കോഴിയിറച്ചിക്കു പകരം കേരളത്തിൽ ഉൽപാദിപ്പിച്ച, അപകടകരമല്ലാത്ത കോഴിയിറച്ചി മാത്രം ഭാവിയിൽ ഹോട്ടലുകളിൽ നിന്നു പോലും കഴിക്കാം. സർക്കാരിന്റെ പദ്ധതി വിജയിച്ചാൽ, കേരളത്തിലെ കോഴിക്കർഷകരിൽനിന്നു നേരിട്ട് ചിക്കൻ സംഭരിക്കുന്ന പദ്ധതി  ആസൂത്രണം ചെയ്യുമെന്ന് ഹോട്ടലുടമകൾ വ്യക്തമാക്കി.

കേരളാ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കി.  കേരളത്തിൽ കോഴി ഫാമുകൾ പ്രോൽസാഹിപ്പിക്കുന്നതിനു ഫണ്ട് അനുവദിച്ചതു സ്വാഗതാർഹമാണെന്നും  സംസ്ഥാനത്തു കോഴി ഫാമുകൾ വ്യാപകമായാൽ കൃത്രിമമായി വില വർധിപ്പിക്കുന്ന അന്യസംസ്ഥാന ചിക്കൻ ലോബിയുടെ നടപടികൾക്കു കടിഞ്ഞാണിടാൻ സാധിക്കുമെന്നും  പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും പറഞ്ഞു.

1. കർഷകർക്കു നേട്ടം

ആവശ്യത്തിനു ചിക്കൻ ഉൽപാദിപ്പിച്ചാൽ വില നോക്കാതെ തന്നെ കേരളത്തിലെ ഫാമിൽ നിന്നുള്ള കോഴി മാത്രം എന്ന നിലയിൽ സർക്കാരുമായി ഉടമ്പടി ചെയ്യാമെന്നാണു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറയുന്നത്. ഇതു കേരളത്തിലെ കോഴിക്കർഷകർക്കു വർഷം മുഴുവൻ നിശ്ചിത വിലയും വിപണിയും ഉറപ്പു നൽകുന്നു. സർക്കാർ, ഫാമുകളെ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുമ്പോൾ തറവില നിശ്ചയിക്കണം.

സർക്കാരുമായി ചേർന്നു നിശ്ചിത വില സംബന്ധിച്ചു കരാറിനും തയാറാണ്. കേരളത്തിൽ നിന്നുള്ള കോഴിയിറച്ചി, കരാർ പ്രകാരമുള്ള വിലയിൽ വാങ്ങാമെന്നും അസോസിയേഷൻ പറയുന്നു. വർഷം മുഴുവൻ ഹോട്ടലുകളിൽ നിന്നു ഡിമാൻഡ് ഉണ്ടാകുന്നതിനാൽ കർഷകർക്കു നേട്ടമുണ്ടാകും. കുടുംബശ്രീ കേന്ദ്രീകരിച്ചുള്ള കോഴിക്കൃഷിക്കു ഫണ്ട് അനുവദിക്കുമെന്നായിരുന്നു മന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം. കോഴിത്തീറ്റയ്ക്കായും മറ്റും കർഷകർക്കു സബ്സിഡി നൽകാൻ ഫണ്ട് ഉപയോഗിച്ചാൽ കൂടുതൽ ആളുകൾ കോഴി വളർത്തലിലേക്കുവരും. 

2. ഹോട്ടൽ ഉടമകൾക്കും നേട്ടം

ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും ശേഷം പ്രതിസന്ധിയിലായ ഹോട്ടൽ ഉടമകൾ ജൂലൈയിൽത്തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടതാണ് ഇക്കാര്യം.  കോഴിയുടെ ഉൽപാദനം കൂടി വില കുറയുമ്പോൾ മുട്ട പൊട്ടിഞ്ഞു കളഞ്ഞ്, ക്ഷാമം സൃഷ്ടിച്ചു വില കൂട്ടാറുണ്ട് അന്യസംസ്ഥാന കോഴി ഫാമുകൾ. കേരളത്തിലെ ആകെ ഉപഭോഗത്തിന് ആവശ്യമായ കോഴി ഉൽപാദിപ്പിക്കുന്നില്ലാത്തതിനാൽ കേരളത്തിനു തമിഴ്നാടിനെയും മറ്റും ആശ്രയിച്ചേ മതിയാകൂ.

ഇതിനാൽ അവർ നിശ്ചയിക്കുന്ന വിലയ്ക്കു കോഴി വാങ്ങുക മാത്രമാണു ഹോട്ടലുകാരുടെ മുന്നിലുള്ള വഴി. ജിഎസ്ടിക്കു ശേഷം ലൈവ് കോഴിക്ക് 87 രൂപ എന്ന മന്ത്രിയുടെ പ്രഖ്യാപനം എല്ലാ സീസണിലും നടപ്പാക്കാത്തതും വില നിയന്ത്രണം അന്യസംസ്ഥാന കോഴിലോബിയുടെ കൈയിലായതുകൊണ്ടു തന്നെ. കേരളത്തിൽ നിന്നുൽപാദിപ്പിക്കുന്ന അപകടകരമല്ലാത്ത ചിക്കൻ മാത്രം എന്ന ബോർഡ് കടകളിൽ പ്രദർശിപ്പിക്കാനും ഹോട്ടലുകൾ തയാറാകുമെന്നും അസോസിയേഷൻ പറയുന്നു. ഇതു കൂടുതൽ ആളുകളെ ആകർഷിക്കും. 

3. ഉപയോക്താക്കൾക്ക് നേട്ടം

ചിക്കൻ വിഭവങ്ങൾക്കു തോന്നിയതുപോലെ വില കൂടില്ല എന്നതാണ് ഉപയോക്താക്കളുടെ നേട്ടം. ലൈവ് ചിക്കന്റെ വിലയിൽ നിശ്ചിത കാലത്തേക്കു മാറ്റമുണ്ടാകുന്നില്ലാത്തതിനാൽ ഹോട്ടലുകൾക്കു വിഭവങ്ങളുടെ വില യഥേഷ്ടം കൂട്ടാനാകില്ല.

4. ആന്റിബയോട്ടിക് ഇല്ലാത്ത ചിക്കൻ

കുടുംബശ്രീ വഴി ഉൽപാദിപ്പിക്കുന്നതിനാൽ കേരളാ ഫാമിലെ കോഴികൾക്ക് അപകടകരമായ രാസവസ്തുക്കൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാം. മാത്രമല്ല. കെപ്കോയും  (കേരള പൗൾട്രി ഡവലപ്മെന്ര് കോർപറേഷൻ) അനിമൽ ഹസ്ബൻഡറി വകുപ്പും ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ ഒരു കോഴിയുടെ വളർച്ചാ സമയപരിധിയിൽ രണ്ടു തവണ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. 

ചിക്കൻ സ്വയം പര്യാപ്തത സമീപ ഭാവിയിൽ

‘‘പദ്ധതി രണ്ടു മാസം മുൻപ് ആരംഭിച്ചു കഴിഞ്ഞു. കോഴിവളർത്തലിനു സൗകര്യങ്ങളുള്ള പുതിയ 247 പേരെ കണ്ടെത്തി. ബജറ്റിലെ പ്രഖ്യാപനവും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനവും പ്രതീക്ഷാജനകമാണ്. കൂടുതൽ ആളുകൾ കോഴി വളർത്തലിലേക്കു വരാനും കോഴിയിറച്ചിയുടെ കാര്യത്തിൽ കേരളത്തിനു ഭാവിയിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഇവ പ്രയോജനപ്പെടും. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ നൽകും. 45 ദിവസം പ്രായമാകുമ്പോൾ തിരികെ വാങ്ങും– ഇങ്ങനെയാണു പദ്ധതി നടപ്പാക്കുന്നത്. കൂടുതൽ ആളുകൾ മേഖലയിലേക്കു വരും.’’

∙ എസ്. ഹരികിഷോർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ