Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിവിപണി കീഴടക്കാൻ ബഹുരാഷ്ട്ര കമ്പനികൾ

chicken-mnc

ആലപ്പുഴ ∙ ചരക്കു, സേവന നികുതിയുടെ ആനുകൂല്യം മുതലെടുത്തു കേരളത്തിലെ കോഴി വിപണി പിടിക്കാൻ ബഹുരാഷ്ട്ര കമ്പനികൾ രംഗത്ത്. ആഭ്യന്തര കർഷകർക്കു മുട്ടയും കോഴിക്കുഞ്ഞും നൽകുന്നതു നിർത്തിയ കമ്പനികൾ പാട്ടക്കൃഷി പ്രോത്സാഹിപ്പിക്കുന്ന വിപണന തന്ത്രം പയറ്റിത്തുടങ്ങി.

പാട്ടക്കൃഷിയിലേക്കു കർഷകരെ നിർബന്ധിപ്പിക്കുന്നതിനു വേണ്ടി ഇറച്ചിക്കോഴി വില കമ്പനികൾ കുത്തനെ താഴ്ത്തിത്തുടങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോഴി വിപണി പിടിച്ചെടുക്കുന്നതിനു കൂടി വേണ്ടിയാണു അഞ്ചു പ്രമുഖ കമ്പനികൾ കോഴി വില താഴ്ത്തുന്നത്. ഇറച്ചിക്കോഴി വില കിലോഗ്രാമിന്  56 രൂപയാക്കി കുറച്ചതിനു പുറമേ വിരിയിക്കൽ മുട്ടയുടെ വില മൂന്നു രൂപയും ഇറച്ചിക്കോഴിക്കുഞ്ഞിന്റെ വില അഞ്ചു രൂപയും കുറച്ചു. ഇതോടെ വിപണിയിൽ മത്സരം കടുത്തു.

പുണെ ആസ്ഥാനമായ രണ്ടു കമ്പനികൾ, ഉദുമൽപേട്ടിലെ കമ്പനി, അമേരിക്കൻ ബന്ധമുള്ള കമ്പനി, തായ്‌ലൻഡ് ആസ്ഥാനമായ കമ്പനി എന്നിവയാണ് ഇപ്പോൾ മത്സരരംഗത്തുള്ളത്. അടുത്തിടെ കേരളത്തിലെ 2000 ൽ ഏറെ കോഴിഫാമുകളാണു കമ്പനികൾ ഏറ്റെടുത്തത്. കോഴിക്കുഞ്ഞ്, മുട്ട എന്നിവ വിലയ്ക്കു നൽകുന്നതിനു പകരം പാട്ടക്കർഷകർക്കു വളർത്തുകൂലി നൽകി കോഴി വളർത്തി വലുതാക്കുന്ന തന്ത്രമാണു കമ്പനികൾ നടപ്പിലാക്കുന്നത്. 

വളർത്തുകൂലി നൽകും

കുഞ്ഞൊന്നിന് എട്ടു രൂപ വളർത്തുകൂലി നൽകുന്ന കമ്പനികൾ വില നിശ്ചയിക്കാനോ പുറത്തു വിൽക്കാനോ കർഷകരെ അനുവദിക്കില്ല. ഇതോടെ കോഴി വിപണിയുടെ പൂർണ നിയന്ത്രണം കമ്പനികളുടെ കൈകളിലേക്കു നീങ്ങും. പാട്ടക്കൃഷിക്കു സമാന്തരമായി കമ്പനികൾ വിലയിടിക്കുക കൂടി ചെയ്തതോടെ ഉൽപാദനച്ചെലവിന് ആനുപാതികമായ വിലയ്ക്കു വിൽക്കാൻ കർഷകർക്കും സാധിക്കുന്നില്ല. 

കേരളത്തിൽ കിലോഗ്രാമിന് ശരാശരി 80 രൂപ ഉൽപാദനച്ചെലവു വരുമ്പോളാണു കമ്പനികൾ അവരുടെ ബദൽ ശൃംഖല വഴി കുറ‍ഞ്ഞ വിലയ്ക്കു കോഴിയെ വിൽക്കുന്നത്. മാത്രമല്ല, ഇറച്ചിക്കോഴി ഉൽപാദനം ക്രമാതീതമായി വർധിപ്പിക്കുക കൂടി ചെയ്തതോടെ വില ഇടിയുകയും ചെയ്തു. കോഴിയെ വിൽക്കാൻ ഗത്യന്തരമില്ലാത്ത കർഷകർ കമ്പനികളുടെ നിർദേശാനുസരണം താരതമ്യേന സുരക്ഷിതമായ കോഴി വളർത്തലിലേക്കു നീങ്ങേണ്ടി വരുന്നു. 

വിപണി നിയന്ത്രണങ്ങൾ കുറഞ്ഞു

ചരക്കു, സേവന നികുതി വന്നതോടെ വിപണിയിലെ നിയന്ത്രണങ്ങൾ ഇല്ലാതായതാണ് ഈ സ്ഥിതിക്കു കാരണം. അനുകൂല സാഹചര്യം മുതലെടുക്കുന്നതിനായി ബഹുരാഷ്ട്ര കമ്പനികളും രംഗത്തെത്തിയതാണു മത്സരത്തിനു കാരണം. 

നേരത്തേ വിപണിയുടെ 65 ശതമാനവും പുണെ ആസ്ഥാനമായ കമ്പനിക്കായിരുന്നു. നിശ്ചിത നിലവാരമുള്ള ഇറച്ചിക്കോഴിയുടെ തള്ളക്കോഴി സ്റ്റോക്കുകൾ (പ്യൂവർ ലൈൻ, ഗ്രാൻഡ് പേരന്റ്, ഗ്രേറ്റ് ഗ്രാൻഡ് പേരന്റ്, പേരന്റ്, കൊമേഴ്സ്യൽ) കമ്പനികളുടെ പക്കലാണെന്നതിനാൽ ഇവരെ ആശ്രയിക്കാതെ കർഷകർക്കു നിലനിൽപ്പില്ല.