Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിവില പറ പറക്കുന്നു

chicken

പാലക്കാട് ∙ ഉപഭേ‍ാക്താക്കളുടെ കീശ കാലിയാക്കി കോഴിയിറച്ചിയുടെയും ഇറച്ചിക്കോഴിയുടെയും വില കുത്തനെ ഉയരുന്നു. ഒരാഴ്ചയ്ക്കിടെ  കിലോഗ്രാമിന് ശരാശരി 10 മുതൽ 40 രൂപവരെയാണു വില കൂടിയത്. ഒരു കിലോ കോഴിയിറച്ചി വില ഇന്നലെ 185–200, ഇറച്ചിക്കോഴി വില 120–135 രൂപ എന്നിങ്ങനെയാണ്. ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നശേഷം ആദ്യമായാണ് ഇത്രയും വർധന. ഒരാഴ്ച മുൻപ് ഇറച്ചിക്കോഴി വില കിലേ‍ാ 87 രൂപയായിരുന്നു. 

തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളുടെ ലഭ്യത കുറഞ്ഞതും സംസ്ഥാനത്തെ ഉൽപാദനത്തിൽ ഇടിവുണ്ടായതുമാണു വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു.

ഇറച്ചിക്കോഴി പ്രധാനമായും തമിഴ്നാട്ടിൽ നിന്നാണ് ഇപ്പേ‍ാഴും സംസ്ഥാനത്തേക്ക് എത്തുന്നത്. ജിഎസ്ടി വന്നതോടെ കോഴിക്കും കോഴിക്കുഞ്ഞിനും ഈടാക്കിയിരുന്ന നികുതി ഇല്ലാതായി. ഇതോടെ കേ‍ാഴിക്കുഞ്ഞുങ്ങൾ ധാരാളമെത്തിത്തുടങ്ങി. തമിഴ്നാട്ടിൽ 25–35 രൂപയ്ക്കാണ് കോഴിക്കുഞ്ഞിനെ ലഭിക്കുന്നത്. കേരളത്തിലെ കോഴിഫാമുകളിലും വ്യാപകമായി കോഴിക്കുഞ്ഞുങ്ങളെ വളർത്തിത്തുടങ്ങിയതേ‍ാടെ വിപണിയിലെ തമിഴ്നാടിന്റെ കുത്തക ഒരു പരിധിവരെ ചെറുക്കാനായി. എന്നാൽ, ഒരു മാസമായി തമിഴ്നാട്ടിൽ കോഴിക്കുഞ്ഞുങ്ങളുടെ ഉൽപാദനം കുറഞ്ഞതു ഫാമുകളെ ബാധിച്ചു. അതേ‍ാടെ വിലവർധന തടയാൻ കേരളത്തിൽ നിന്നുള്ള കേ‍ാഴികളെ ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. 

പ്രാദേശിക ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ഇല്ലാതായതോടെ തമിഴ്നാട് വീണ്ടും കോഴിവില നിയന്ത്രണം ഏറ്റെടുത്തു. പ്രതിദിനം 100–150 നും ഇടയിൽ കോഴിവണ്ടികൾ കേരളത്തിലെത്തുന്നുണ്ട്. കൂടാതെ ഊടുവഴികൾ വഴി ചെറുവാഹനങ്ങളിലും എത്തുന്നു. കേരളത്തിൽ വിവാഹ സീസൺ ആയതും വില വർധിക്കാൻ കാരണമായെന്നു വ്യാപാരികൾ പറഞ്ഞു.