സംസ്ഥാനത്തു മിക്കയിടത്തും ഇന്നലെ കോഴിക്കച്ചവടം നടന്നതു വ്യാപാരി വ്യവസായി ഏകോപന സമിതി നിർദേശിച്ച നിരക്കിൽ. സർക്കാർ നിശ്ചയിച്ച വിലയ്ക്കു കോഴി വിൽപന നടത്തിയിരുന്ന വ്യാപാരികളും ഇന്നലെ മുതൽ വില വർധിപ്പിച്ചു. ഈ മാസം 31 വരെ ഇറച്ചിക്കോഴിക്കു കിലോയ്ക്കു 115 രൂപയും കോഴിയിറച്ചിക്കു കിലോയ്ക്ക് 170 രൂപയും ഈടാക്കുമെന്നാണു ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചത്.
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലും കോഴിക്കോട്ടു നടക്കാവിലും മാത്രമാണു ധനമന്ത്രി നിർദേശിച്ച വിലയ്ക്കു വിൽപന നടക്കുന്നത്. കോഴിവില നിശ്ചയിക്കേണ്ടതു വ്യാപാരി വ്യവസായി ഏകോപന സമിതിയില്ലെന്നാണ് ഓൾ കേരള ചിക്കൻ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഏതെങ്കിലുമൊരു വിഭാഗം മാത്രം വിചാരിച്ചാൽ വില ഉയർത്താനോ താഴ്ത്താനോ കഴിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ.കുഞ്ഞോൻ പറഞ്ഞു.
തിരുവനന്തപുരത്തു പൊതുവിപണിയിൽ ഇന്നലെ 113 രൂപ മുതൽ 121 രൂപവരെയായിരുന്നു കോഴിവില. സർക്കാരിനു കീഴിലുള്ള കെപ്കോയിൽ കോഴിയിറച്ചിക്കു 158 രൂപയേയുള്ളൂ. കൊല്ലത്തു 105 മുതൽ 120 വരെ ആയിരുന്നു ഇറച്ചിക്കോഴി വില. കോഴിയിറച്ചിക്കു 150 – 160 രൂപ നിരക്കിൽ ഈടാക്കുകയും ചെയ്തു. പത്തനംതിട്ടയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇറച്ചിക്കോഴിക്കു നിലനിൽക്കുന്ന വിലയായ 110 രൂപയാണ് ഇന്നലെയും ഈടാക്കിയത്. തൊലി നീക്കം ചെയ്തതിനു 180 രൂപയും.
ആലപ്പുഴ ജില്ലയിൽ ശരാശരി 115 രൂപയ്ക്കാണ് ഇറച്ചിക്കോഴി വിറ്റത്. കോട്ടയം ചന്തയിൽ ഇറച്ചിക്കോഴിക്കു 105 – 110 രൂപയാണു വില. കൊച്ചിയിൽ ഇന്നലെ കോഴി വിറ്റതു കിലോയ്ക്കു 110 മുതൽ 115 രൂപ വരെ വിലയ്ക്കാണ്. വ്യാപാരി വ്യവസായി സമിതിയുടെ കീഴിലുള്ള ചെറുകിട വ്യാപാരികൾ വില 115ൽ നിന്നു 110 ആയി കുറച്ചു. എറണാകുളം ജില്ലയിലെ ചെറുകിട കോഴിക്കച്ചവടക്കാരെ ഉൾപ്പെടുത്തി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചിക്കൻ മർച്ചന്റ്സ് സമിതി രൂപീകരിച്ചു.
തൃശൂരിൽ ഇറച്ചിക്കോഴിക്കു കിലോയ്ക്കു 113 രൂപയ്ക്കാണു വിൽപന. കോഴിയിറച്ചിക്കു 165 രൂപയും. പാലക്കാടു ജില്ലയിൽ ഇറച്ചിക്കോഴിക്കു കിലോ ശരാശരി 115 രൂപയും ഇറച്ചിക്കു 160 രൂപയുമാണ് ഈടാക്കിയത്. മലപ്പുറം ജില്ലയിൽ 105നു മുകളിലാണു കോഴിവില. അതിനു പുറമേ ഡ്രസിങ്, കട്ടിങ് ചാർജെന്നു പറഞ്ഞു 15–20 രൂപ അധികം വാങ്ങുകയും ചെയ്യും.
കോഴിക്കോട്ടും ഏകോപന സമിതി നിശ്ചയിച്ച വിലയ്ക്കാണു കോഴിയെ വിറ്റത്. ജില്ലയിലേക്കുള്ള കോഴിയുടെ വരവു പകുതിയായിട്ടുണ്ടെന്നാണു കോഴിക്കച്ചവടക്കാർ പറയുന്നത്. നേരത്തേ 100 ലോഡ് കോഴിവന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 50 ലോഡുപോലും തമിഴ്നാട്ടിൽ നിന്നെത്തുന്നില്ല. കർണാടകയിൽ നിന്നുള്ള കോഴിവരവു കുറഞ്ഞതു കാസർകോട്ടു വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. നിലവിൽ ഏകോപന സമിതി നിർദേശിച്ച വിലയ്ക്കാണു വിൽപന.