കൽപറ്റ ∙ കോഴിയിറച്ചിയുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ നിയന്ത്രണത്തിൽ അടുത്ത മാസം സംസ്ഥാനത്ത് 13 കോഴിക്കടകൾ തുറക്കുന്നു. വയനാട്ടിൽ 10 ഔട്‌ലെറ്റുകളും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോ ഔട്‍ലെറ്റുകൾ വീതവുമാണു ജൂണിൽ ആരംഭിക്കുക. മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിലുൾപ്പെടുത്തിയാണു കോഴിക്കടകളുടെ പ്രവർത്തനം.
സംസ്ഥാനത്തു കോഴിവില കുതിച്ചുകയറുകയാണ്. ഒരു കിലോ കോഴിയുടെ വില രണ്ടാഴ്ചയ്ക്കുള്ളിൽ 40 രൂപ വർധിച്ച് 130 രൂപയായി. കോഴിയിറച്ചിക്ക് 220 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. ചൂട് വര്‍ധിച്ചതും തമിഴ്നാട്ടിലെ ഫാമുകളില്‍ ഉല്‍പാദനം കുറഞ്ഞതുമാണു വിലക്കയറ്റത്തിനു കാരണം.
കുടുംബശ്രീ, വയനാട് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, കെപ്കോ, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണു കോഴിക്കച്ചവട പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും ഒരു വര്‍ഷത്തിനകം 10 ചിക്കൻകടകൾ വീതം തുറക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓരോ ജില്ലകളിലും ഈ വര്‍ഷം ആറു കടകളാണ് ആരംഭിക്കുക.
ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം 140 കടകളിലൂടെ നിയന്ത്രിത നിരക്കിൽ കോഴിയിറച്ചി വിൽക്കുകയാണ് ലക്ഷ്യം. അഞ്ചു വർഷത്തിനുള്ളിൽ 5000 ഫാമുകളെക്കൂടി ഉൾപ്പെടുത്തി കോഴിയിറച്ചി വിപണിയുടെ 10% കയ്യടക്കുകയെന്നതാണു ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് പ്രോഗ്രാം ഓഫിസർ ഡോ. നികേഷ് കിരൺ പറഞ്ഞു. ഇതിനകം തന്നെ, 487 ഫാമുകൾ പദ്ധതിയുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.