ബാങ്കുകൾ പൊതുമേഖലയിൽ

x-default

കൊച്ചി ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് പൊതുമേഖലയിലെ ചില ബാങ്കുകളുടെയെങ്കിലും പ്രവർത്തനത്തിൽ സംശയങ്ങൾ ജനിപ്പിച്ചിരിക്കുന്ന പശ്‌ചാത്തലത്തിൽ സ്വകാര്യവൽക്കരണത്തിനുള്ള മുറവിളിക്കു കരുത്തേറി. അതേസമയം, ഒറ്റപ്പെട്ട ക്രമക്കേടുകൾക്ക് ഉടമസ്‌ഥതയുമായി ബന്ധമില്ലാത്തതിനാൽ സ്വകാര്യവൽക്കരണമെന്ന ആവശ്യം അപ്രസക്‌തമാണെന്നുള്ള വാദവും ശക്‌തം. സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും വാദങ്ങൾ മുറുകുമ്പോൾ പൊതുമേഖലയിലെ ബാങ്കുകളുടെ ഉടമസ്‌ഥതയിൽ ഏറ്റവും കൂടുതൽ പങ്കാളിത്തമുള്ള സർക്കാരിനു വ്യക്‌തതയില്ലെന്നതാണു സത്യം. തീരുമാനമെടുക്കുക എന്നതു വലിയ വെല്ലുവിളിയാണെന്ന പ്രതികരണമാണു കേന്ദ്ര ധനമന്ത്രിയിൽ നിന്നുണ്ടായിട്ടുള്ളത്.

പൊതുമേഖല വേണ്ട

സ്വകാര്യവൽക്കരണത്തിനുവേണ്ടി വാദിക്കുന്നതു പ്രധാനമായും പ്രമുഖ വ്യവസായികളാണ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സിഐഐ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി), അസോഷ്യേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (അസോച്ചം) തുടങ്ങിയ സംഘടനകളും ഒരു പരിധി വരെ സ്വകാര്യവൽക്കരണത്തെ പിന്താങ്ങുന്നു.  സ്വകാര്യവൽക്കരണത്തിന്റെ വക്‌താക്കൾ നിരത്തുന്ന ന്യായങ്ങൾ ഇവയാണ്:

∙ നിക്ഷേപങ്ങളുടെ 70 ശതമാനവും പൊതുമേഖലയിലെ ബാങ്കുകളിലാണെന്നതു നഷ്‌ടസാധ്യതയുടെ വലുപ്പം കൂടിയാണു വ്യക്‌തമാക്കുന്നത്.

∙ കിട്ടാക്കടത്തിന്റെ അളവിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധന. മൊത്തം വായ്‌പയുടെ 11 ശതമാനത്തോളമായിരിക്കുന്നു കിട്ടാക്കടം.

∙ പൊതുമേഖലയിലെ ബാങ്കുകളിൽ പലതിന്റെയും മൂലധന ചോർച്ച ഭീമമാണ്. തന്മൂലം അവയുടെ പുനർമൂലധനവൽക്കരണം സർക്കാരിനു കനത്ത ബാധ്യത സൃഷ്‌ടിക്കുന്നു. പുനർ മൂലധന വൽക്കരണത്തിന് 2.11 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഒക്‌ടോബറിൽ പ്ര്യാപിക്കേണ്ടിവന്നത്. 

∙ പൊതുമേഖലയിലെ പല ബാങ്കുകളിലും ഭരണം വേണ്ടവിധമല്ല. ചില ബാങ്കുകളിൽ നടക്കുന്നതാകട്ടെ ദുർഭരണവും.

∙ ഭീമമായ തട്ടിപ്പുകളുടെ കഥ ഇടവേളകളിലാണു പുറത്തുവരുന്നതെങ്കിലും ക്രമക്കേടുകൾ അക്ഷരാർഥത്തിൽത്തന്നെ നിത്യസംഭവങ്ങളാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 8622 തട്ടിപ്പുകളാണു പൊതുമേഖലയിലെ ബാങ്കുകളിൽ നടന്നത്. അതായത്, ദിവസം ശരാശരി എട്ടു തട്ടിപ്പുകൾ.

∙ എല്ലാ പഴുതുകളും നിരീക്ഷണ വിധേയമാക്കിക്കൊണ്ടു ക്രമക്കേടുകൾ തടയാനുള്ള സംവിധാനത്തിന്റെ അപര്യാപ്‌തത.

∙ ആവർത്തിക്കപ്പെടുന്ന ക്രമക്കേടുകൾ മൂലം പൊതുമേഖലയിലെ ബാങ്കുകളുടെ വിശ്വാസ്യതയിലുണ്ടായിട്ടുള്ള ചോർച്ച.

പ്രതികരണങ്ങൾ

∙ രാശേഷ് ഷാ (ഫിക്കി പ്രസിഡന്റ്):
പൊതുമേഖലയിൽ നാലോ അഞ്ചോ ബാങ്കുകൾ മതി. ബാക്കിയുള്ളവയെ ഈ നാലോ അഞ്ചോ ബാങ്കുകളിൽ ലയിപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യണം .. .. .. എത്ര നാൾ പുനർ മൂലധനവൽക്കരണത്തിലൂടെ ബാങ്കുകളെ സംരക്ഷിക്കാനാവും?

∙ ഉദയ് കോടക് (കോടക് മഹീന്ദ്ര ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ):
എസ്‌ബിഐ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിലൊന്നായി തുടരണം. അതല്ലാതെ പൊതുമേഖലയിൽ ഇത്രയേറെ ബാങ്കുകൾ ആവശ്യമുണ്ടോ?

∙ ശോഭന കമിനേനി (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രി പ്രസിഡന്റ്) :
പൊതുമേഖലയിലെ ബാങ്കുകളിൽ സർക്കാരിനുള്ള പങ്കാളിത്തം മൂന്നു നാലു വർഷത്തിനകം 33 ശതമാനമായി കുറച്ചുകൊണ്ടുവരാനുള്ള പ്രഖ്യാപനമുണ്ടാകണം.

പൊതുമേഖല വേണം

പൊതുമേഖലയിലെ ബാങ്കുകൾ അങ്ങനെ തന്നെ നിലനിർത്തണമെന്നും സ്വകാര്യവൽക്കരണം ദോഷകരമാണെന്നും ഏറ്റവും ശക്‌തമായി വാദിക്കുന്നതു ബാങ്ക് ജീവനക്കാരുടെ സംഘടനകളാണ്. പൊതുമേഖലയിലെ ബാങ്കുകളുടെ മേധാവികൾക്കും സ്വകാര്യവൽക്കരണത്തോടു യോജിപ്പില്ല. പൊതുമേഖലയുടെ വക്‌താക്കൾ നിരത്തുന്ന ന്യായങ്ങൾ ഇങ്ങനെ:

∙ തട്ടിപ്പുകൾ ഒറ്റപ്പെട്ടത്. അവയുടെ പേരിൽ പൊതുമേഖലയെ അടച്ചാക്ഷേപിക്കുന്നതിൽ കഴമ്പില്ല.

∙ പൊതുമേഖലയിൽ മാത്രമല്ല സ്വകാര്യമേഖലയിലെ ബാങ്കുകളിലും തട്ടിപ്പുകൾ നടക്കുന്നു. ഉടമസ്‌ഥതയുടെ സ്വഭാവമല്ല ക്രമക്കേടുകൾക്കു കാരണമെന്ന് ഇതിൽനിന്നു വ്യക്‌തം.

∙ സ്വകാര്യ ബാങ്കുകളിലെ കിട്ടാക്കടവും ഭീമമാണ്. പുറത്തറിയാത്തവിധം അതു സമർഥമായി മറച്ചുപിടിക്കുന്നുവെന്നു മാത്രം.

∙ മൂലധന പര്യാപ്‌തത ദുർബലമായ ബാങ്കുകൾ സ്വകാര്യ മേഖലയിലുമുണ്ട്. മൂലധനം സ്വരൂപിക്കാൻ അവ പാടുപെടുകയാണ്. 

∙ പൊതുമേഖലയിലെ ബാങ്കുകളെ പറ്റിച്ചു നാടുവിട്ടവരും നാട്ടിൽ വിലസുന്നവരും സ്വകാര്യ സംരംഭങ്ങളുടെ ഉടമകളാണ്. സ്വകാര്യവൽക്കരണം നടപ്പാക്കിയാൽ ഇത്തരക്കാരുടെ കൈകളിലായിരിക്കും ബാങ്കുകളുടെ ഉടമസ്‌ഥത എത്തിച്ചേരുക.

∙ സ്വകാര്യ ബാങ്ക് പരാജയപ്പെട്ടാലും ബാധ്യത സർക്കാരിനുതന്നെ. ബാങ്ക് ഓഫ് കൊച്ചിൻ, പറവൂർ സെൻട്രൽ ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഗ്ലോബൽ ട്രസ്‌റ്റ് ബാങ്ക് തുടങ്ങി എത്രയോ സ്വകാര്യ ബാങ്കുകളെ പൊതുമേഖലയിലെ ബാങ്കുകൾക്ക് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു.

∙ മുഴുവൻ ജനങ്ങളെയും ബാങ്കിങ്ങിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള ‘ഫിനാൻഷ്യൽ ഇൻക്‌ളൂഷൻ’ പോലുള്ള പദ്ധതികളോടോ ‘സീറോ ബാലൻസ് അക്കൗണ്ട്’ പോലുള്ള പ്രോത്സാഹനങ്ങളോടോ സ്വകാര്യബാങ്കുകൾക്ക് ആഭിമുഖ്യമുണ്ടാവില്ല. 

പ്രതികരണങ്ങൾ

‌∙ രജ്‌നീഷ് കുമാർ (എസ്‌ബിഐ ചെയർമാൻ):
സ്വകാര്യവൽക്കരണം ഒറ്റമൂലിയൊന്നുമല്ല. സർക്കാരിന്റെ ഉടമസ്‌ഥതയാണു ജനവിശ്വാസത്തിന് അടിസ്‌ഥാനം. പിഎൻബിയിലേതുപോലെ ക്രമക്കേടു നടന്നതു സ്വകാര്യ ബാങ്കിലായിരുന്നെങ്കിൽ പണം പിൻവലിക്കാൻ ഇടപാടുകാർ ഇടിച്ചുകയറുമായിരുന്നു.

∙ സി.എച്ച്. വെങ്കിടാചലം ( ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി):
സ്വകാര്യ ബാങ്കുകൾ അത്ര കേമമാണെങ്കിൽ അവയിൽ പലതിനെയും പൊതുമേഖലയിലെ ബാങ്കുകൾക്ക് ഏറ്റെടുക്കേണ്ടി വരുമായിരുന്നില്ലല്ലോ.

∙ എസ്. നാഗരാജൻ ( ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി):
വാണിജ്യ ബാങ്കുകളുടെ മേൽനോട്ടത്തിനു സ്വതന്ത്രഭരണ അനുമതിയുള്ള ‘സെൻട്രൽ ബാങ്കിങ് അതോറിറ്റി’ രൂപവൽക്കരിക്കുകയാണ് ആവശ്യം.