ന്യൂഡൽഹി ∙ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ലയിച്ചുണ്ടാകുന്ന പുതിയ ബാങ്ക് അടുത്ത ഏപ്രിൽ ഒന്നിനു പ്രവർത്തനമാരംഭിക്കുമെന്നു സർക്കാർ വൃത്തങ്ങൾ. ബാങ്കുകളുടെ ഡയറക്ടർമാർ ഈ മാസം യോഗം ചേർന്നു ലയന നടപടികളും സമയക്രമവും നിശ്ചയിക്കും. ഓഹരി വിഭജനം, മൂലധന പര്യാപ്തത തുടങ്ങിയ കാര്യങ്ങളിലും തീരുമാനം ഉടനുണ്ടാകും.
ആഗോള ബാങ്കുകളുടെ നിരയിലെത്താൻ ശക്തിയും വലുപ്പവുമുള്ള ബാങ്കുകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കണമെന്നതാണു സർക്കാർ നയം. എസ്ബിഐയിൽ അനുബന്ധ ബാങ്കുകൾ ലയിപ്പിച്ചപ്പോൾ ലോകത്തെ 50 മുൻനിര ബാങ്കുകളുടെ പട്ടികയിൽ ഇടംനേടിയിരുന്നു.
14.82 ലക്ഷം കോടി രൂപയുടെ ബിസിനസുമായി രാജ്യത്തെ ബാങ്കുകളിൽ മൂന്നാമതാകും ബിഒബി–വിജയ–ദേനാ ലയനത്തിലൂടെ ഉണ്ടാകുന്ന ബാങ്ക്. എസ്ബിഐയും ഐസിഐസിഐയുമാകും മുന്നിൽ. കിട്ടാക്കട അനുപാതം 5.71% ആയിരിക്കും. 12.13% ആണു പൊതുമേഖലാ ബാങ്കുകളുടെ ശരാശരി കിട്ടാക്കട അനുപാതം. മൂലധന പര്യാപ്തതാ അനുപാതവും (12.25%), ശരാശരിയേക്കാൾ (10.87%) ഉയരത്തിലാണെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.