ആകാശത്തു വിഷുസദ്യ

കൊച്ചി ∙ മലയാളികളുടെ വിളവെടുപ്പുത്സവവും പുതുവർഷാരംഭവുമായ വിഷുവിന് ആകാശക്കണിയൊരുക്കി ജെറ്റ് എയർവേയ്സ്. ഈ വിഷുദിനത്തിൽ കേരളത്തിൽനിന്നുള്ള സർവീസുകളിലും ഗൾഫിൽനിന്നുള്ള സർവീസുകളിലുമാണ് യാത്രക്കാർക്കു രണ്ടുകൂട്ടം പായസം ചേർത്തു സദ്യ വിളമ്പുക. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ദോഹ, ഷാർജ, ദമാം, മസ്കറ്റ് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളിലാണു വിഷുസദ്യയുള്ളത്. 

മെനുവിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇക്കണോമി, പ്രീമിയർ ക്ലാസുകളിൽ സദ്യ വിളമ്പും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുനാളിൽ യാത്രയിലായിപ്പോകുന്നവർക്ക് സദ്യ നഷ്ടമാകാതിരിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് പ്രോഡക്ട് ആൻഡ് സർവീസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയരാജ് ഷൺമുഖം പറഞ്ഞു.

കൊച്ചിയിൽനിന്നുള്ള ഇക്കണോമി ക്ലാസ് യാത്രക്കാർക്കു രാവിലെ കള്ളപ്പം, വെജിറ്റബിൾ മപ്പാസ്. ഉച്ചഭക്ഷണമായി കുത്തരിച്ചോറ്, അവിയൽ, സാമ്പാർ എന്നിവ വിളമ്പും. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്കു രാവിലെ ഇടിയപ്പവും കടലക്കറിയും വിളമ്പും. കുത്തിരിച്ചോറും എരിശേരിയും അവിയലുമാണ് ഉച്ചയ്ക്ക്. കോഴിക്കോടുനിന്നുള്ള യാത്രക്കാർക്ക് അവിയലും സാമ്പാറും തോരനുമുണ്ടാകും ഉച്ചയ്ക്ക്. 

കടുകു വറുത്ത, കറിവേപ്പില ചേർത്ത നാടൻരുചിയിലുള്ള വിഭവങ്ങൾ പ്രത്യേകമായി തയാറാക്കുന്നത് എയർലൈനിലെ ഷെഫുമാരാണ്. ഗൾഫിലേക്കുള്ള കണക്ടിവിറ്റിയുടെ കാര്യത്തിലും യാത്രക്കാരുടെ എണ്ണത്തിലും കേരളം ഏറ്റവും വലിയ വിപണികളിലൊന്നാണെന്നും ഓണവും വിഷുവുമെല്ലാം വർഷങ്ങളായി ആഘോഷമാക്കാറുണ്ടെന്നും സൗത്ത് ഇന്ത്യ സെയിൽസ് മേധാവി വി. രാജ പറഞ്ഞു.

ജെറ്റിന്റെ വിഷു മെനു (പ്രീമിയം ക്ലാസ്)

പ്രഭാത ഭക്ഷണം 

കള്ളപ്പം, വെജിറ്റബിൾ മപ്പാസ്, ഇലയട, വെജിറ്റബിൾ സ്റ്റ്യൂ, അപ്പം, പുട്ട്, ചട്നി, കായ വറുത്തത്.

സദ്യ (ഉച്ചയ്ക്കും വൈകിട്ടും) കുത്തരിച്ചോറ്, അവിയൽ, മത്തങ്ങ തോരൻ, പച്ചടി, മെഴുക്കുവരട്ടി, തേങ്ങാപ്പാലിൽ തയാറാക്കിയ വെജിറ്റബിൾ കറി. അടപ്രഥമൻ, ഡിസേർട് അല്ലെങ്കിൽ പായസം.