ന്യൂഡൽഹി∙ തട്ടിപ്പുകളുടെ പേരിൽ ജെറ്റ് എയർവേയ്സ് കമ്പനിയിൽ നിന്നു വിശദീകരണം ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ആരോപണങ്ങളുടെ പേരിൽ ഓഡിറ്റ് കമ്മിറ്റിയുടെ നിലപാടാണ് സെബി ആരാഞ്ഞതെന്ന് ജെറ്റ് എയർവേയ്സ് വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ സ്ഥാപനം കൂടുതൽ പ്രതികരിച്ചിട്ടില്ല. ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെതിരെ ഉയർന്ന തട്ടിപ്പ് ആരോപണങ്ങളാണ് സ്ഥാപനത്തിനു തിരിച്ചടിയായത്. ഇതോടെ ജെറ്റ് എയർവേയ്സിന്റെ ഓഹരി മൂല്യവും ഇടിഞ്ഞു.
2016 ലും സമാനമായ പരാതികൾ ഉയർന്നിരുന്നതായി ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കി. അന്നും സെബിക്കു മറുപടി നൽകിയതാണ്. അതിനു ശേഷം സെബിയിൽനിന്നു മറ്റ് അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 2018 ഏപ്രിൽ 30ന് സെബി സമാനമായ മറ്റൊരു നോട്ടിസ് കൂടി കമ്പനിക്ക് അയക്കുകയായിരുന്നു. നേരത്തെ, ക്രെഡിറ്റ് റേറ്റിങ് ഏജൻസി ഇക്ര കമ്പനിയുടെ റേറ്റിങ് നിലവാരം താഴ്ത്തിയിരുന്നു.