വാഷിങ്ടൻ ∙ ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കും. റീട്ടെയ്‌ൽ വ്യാപാര രംഗത്തെ വൻകിട യുഎസ് കമ്പനിയാണ് വാൾമാർട്ട്. ഫ്ലിപ്കാർട്ടിന്റെ 77 % ഓഹരികളും വാൾമാർട്ട് വാങ്ങും. ഇതിനായി 1600 കോടി ഡോളറാണ് മുതൽമുടക്കുന്നത്. (1.05 ലക്ഷം കോടി രൂപ) ഇ–കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കൽ കൂടിയാണിത്. ഇടപാടുകൾ പൂർത്തിയാകുന്നതോടെ 2080 കോടി ഡോളർ മൂല്യമുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് മാറും.
ഫ്ലിപ്കാർട്ടിലെ പ്രമുഖ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ 20% ഓഹരി വാൾമാർട്ടിന് കൈമാറും. 250 കോടി ഡോളറിന്റെ പങ്കാളിത്തമാണിത്.
ഏറ്റെടുക്കൽ നടപടികൾ ഈ വർഷം പൂർത്തിയാകും. ഫ്ലിപ്കാർട്ട് സ്ഥാപകരിൽ ഒരാളായ ബിന്നി ബൻസാൽ 5.5% പങ്കാളിത്തം നിലനിർത്തും. കമ്പനി ബോർഡ് ചെയർമാനാവും. ബെംഗളൂരു തന്നെയാവും ആസ്ഥാനം. വാൾമാർട്ടിന്റെ ക്രിഷ് അയ്യരാണ് പുതിയ സംരംഭത്തിന്റെ സിഇഒ. വാൾമാർട്ട്, ഫ്ലിപ്കാർട്ട് എന്നിവ പ്രത്യേക ബ്രാൻഡുകളായി തുടരും. ഫ്ലിപ്കാർട്ടിന്റേത് സ്വതന്ത്ര ബോർഡാണ്. ഇതിൽ വാൾമാർട്ടിന്റെ പ്രതിനിധികൾ ഉണ്ടാവും. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും ഫ്ലിപ്കാർട്ടിന്റെ 15% ഓഹരി വാങ്ങും.ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാൻ മുഖ്യ എതിരാളിയായ യുഎസ് കമ്പനി ആമസോണും രംഗത്തുണ്ടായിരുന്നു.
ഇന്ത്യയിൽ ഓൺലൈൻ വ്യാപാര രംഗത്ത് വിൽപനയിൽ ഫ്ലിപ്കാർട്ട് മുന്നിലാണെങ്കിലും, ആമസോണിൽനിന്ന് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 500 കോടി ഡോളർ നിക്ഷേപം നടത്തി ഇന്ത്യയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആമസോൺ. ആമസോണിന്റെ പ്രമുഖ വിപണികളിലൊന്നായ ഇന്ത്യയിൽ വെല്ലുവിളി ഉയർത്താൻ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുന്നതുവഴി കഴിയുമെന്ന കണക്കുകൂട്ടലിലാണ് വാൾമാർട്ട്. 2100 കോടി ഡോളറിന്റേതാണ് ഇന്ത്യയിലെ ഓൺലൈൻ വിപണി. 10 വർഷത്തിനുള്ളിൽ ഇത് 20,000 കോടി ഡോളറായി ഉയരുമെന്ന് ആഗോള സാമ്പത്തിക സേവന സ്ഥാപനമായ മോർഗൻ സ്റ്റാൻലി നടത്തിയ പഠനത്തിൽ പറയുന്നു.
ഫ്ലിപ്കാർട്ട്
∙ സ്ഥാപിച്ചത് 2007ൽ
∙ 80 വിഭാഗങ്ങളിലായി 80 ലക്ഷം ഉൽപന്നങ്ങൾ വിറ്റഴിക്കുന്നു.
∙ റജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ 10 കോടി.
∙ സ്ഥാപകർ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ
∙ സോഫ്റ്റ് ബാങ്ക് 250 കോടി ഡോളർ കഴിഞ്ഞ ഓഗസ്റ്റിൽ ഫ്ലിപ്കാർട്ടിൽ നിക്ഷേപിച്ചിരുന്നു.
∙ തുടക്കം ബെംഗളൂരു കോറമംഗലയിലെ രണ്ട് കിടപ്പുമുറിയുള്ള അപ്പാർട്മെന്റിൽ നിന്ന്. പുസ്തക വിൽപനയുമായാണ് രംഗത്തെത്തിയത്.
∙ ആദ്യ ഓഫിസ് 2008 ൽ തുടങ്ങി. 2009 ൽ മുംബൈയിൽ ഓഫിസ് തുറന്നു.
∙ ഫ്ലിപ്കാർട്ടും ഉപസ്ഥാപനങ്ങളായ മിന്ത്രയും ജബോങ്ങും ചേർന്ന് ഒാൺലൈൻ ഫാഷൻ ബിസിനസിന്റെ 70% സ്വന്തമാക്കി. മൊബൈൽ പേയ്മെന്റ് ആപ്പായ ഫൊൺപേയും ഫ്ലിപ്കാർട്ടിനുണ്ട്. ഒൻപതു വർഷം സച്ചിൻ ബൻസാൽ സിഇഒ ആയി തുടർന്നു. 2016 ൽ ബിന്നി ബൻസാൽ സിഇഒ ആയി. നിലവിൽ സച്ചിൻ എക്സിക്യൂട്ടീവ് ചെയർമാൻ.
വാൾമാർട്ട്
∙ 2009 ൽ ഭാരതി എന്റർപ്രൈസസുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങി. ആദ്യ സ്റ്റോർ പഞ്ചാബിൽ തുടങ്ങി.
∙ 2013 ൽ സംയുക്ത സംരംഭം വാൾമാർട്ട് ഏറ്റെടുത്തു.
∙ നിലവിൽ 21 സ്റ്റോറുകൾ രാജ്യത്തുണ്ട്.
∙ ഏറ്റെടുക്കൽ പൂർത്തിയാവുന്നതോടെ ഉപയോക്താക്കളുടെ എണ്ണം 17 കോടിയിലെത്തും.
ഇന്ത്യയിലെ ഏറ്റെടുക്കലുകൾ
2017 ∙ വോഡഫോൺ–ഐഡിയ സെല്ലുലാർ: 2300 കോടി ഡോളർ (ലയനം പൂർത്തിയായിട്ടില്ല).
2017 ∙ എസ്സാർ ഓയിൽ റോസ്നെഫ്റ്റ് : 1290 കോടി ഡോളർ
2016 ∙ മാക്സ് ഫിനാൻഷ്യൽ സർവീസസ് – എച്ച്ഡിഎഫ്സി: 973 കോടി ഡോളർ
2016 ∙ അൾട്രാടെക് – ജയ്പ്രകാശ് അസോഷ്യേറ്റ്സ്: 240 കോടി ഡോളർ
2016 ∙ നിർമ – ലഫാർഗെ: 140 കോടി ഡോളർ
2011 ∙ വേദാന്ത – കെയ്ൻ ഇന്ത്യ: 867 കോടി ഡോളർ
2008 ∙ റാൻബാക്സി – ഡായ്ഇചി സാൻക്യോയെ: 460 കോടി ഡോളർ
2007 ∙ വൊഡാഫോൺ – ഹച്ചിസൺ: 1110 കോടി ഡോളർ.