ന്യൂഡൽഹി ∙ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കിയ യുഎസ് ചില്ലറ വ്യാപാര സ്ഥാപനമായ വാർമാർട്ട്, നാലുവർഷത്തിനകം ഫ്ലിപ്കാർട്ടിന്റെ പ്രാഥമിക ഓഹരി വിപണനം (ഐപിഒ) നടത്തുമെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനെ അറിയിച്ചു.
ഫ്ലിപ്കാർട്ടിന്റെ 77% ഓഹരികൾ സ്വന്തമാക്കുമെന്നാണ് കഴിഞ്ഞ ദിവസം വാൾമാർട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഫ്ലിപ്കാർട്ടിൽ 20–22% ഓഹരിയുള്ള ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, തങ്ങളുടെ ഓഹരികൾ വിൽക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് ബാങ്ക് പറയുന്നത്.