ന്യൂഡൽഹി∙ ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്‍കാർട്ടിന്റെ സിഇഒ ബിന്നി ബൻസാൽ രാജിവച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരിൽ അന്വേഷണം നേരിടുന്ന ബൻസാലിന്റെ രാജി സ്വീകരിച്ചതായി ഫ്ലിപ്‍കാർട്ടിന്റെ ഉടമസ്ഥരായ വാൾമാർട്ട് പ്രതികരിച്ചു.
താനും തന്റെ കുടുംബവും ഏറ്റവും വെല്ലുവിളി നേരിടുന്ന സമയത്തിലൂടെയാണു കടന്നുപോകുന്നതെന്ന് ബൻസാൽ ഫ്ലിപ്കാർട്ട് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. ആരോപണങ്ങൾ ഞെട്ടിച്ചതായും ശക്തമായി എതിർക്കുന്നതായും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ചെയർമാൻ, ഗ്രൂപ്പ് സിഇഒ സ്ഥാനങ്ങൾ ഒഴിയുന്നതാണു നല്ലതെന്നു തോന്നിയതിനാലാണു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്രമായ നിയമ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ തനിക്കെതിരായ സ്വഭാവദൂഷ്യ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരികൾ ബിന്നിയുടെ കൈവശമാണ്. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗത്വവുമുണ്ട്. ഫ്ലിപ്കാർട്ട് വാൾമാർട്ടിന് കൈമാറുന്ന സമയത്തുതന്നെ സഹ സ്ഥാപകനായ സച്ചിൻ ബൻസാൽ സ്ഥാപനം വിട്ടിരുന്നു. എന്നാൽ ബിന്നി തുടരാൻ തീരുമാനിക്കുകയായിരുന്നു.