കൊച്ചി ∙ വൻ കടബാധ്യത വരുത്തിയ ഭൂഷൺ സ്റ്റീലിനെ പാപ്പർ നിയമ സംഹിത അനുസരിച്ച് ടാറ്റ സ്റ്റീൽ ഏറ്റെടുത്തതോടെ ബാങ്കുകൾക്കു 35200 കോടി രൂപ ലഭിക്കും. മാത്രമല്ല അത്തരം കൂറ്റൻ കടബാധ്യതകൾക്കു പരിഹാരം ഉണ്ടാകുന്നതിനു വഴിതുറക്കുകയും ചെയ്യും. സംസ്ഥാനത്തും ബാങ്കുകൾക്കു നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനു ഭൂഷൺ സ്റ്റീലിന്റെ മാതൃക സഹായകമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കിട്ടാക്കടം മൂലം തകർച്ചയിലായ പഞ്ചാബ് നാഷനൽ ബാങ്കിന് ഉൾപ്പെടെ ആശ്വാസകരമാണ് ഭൂഷൺ സ്റ്റീലിന്റെ ഉദാഹരണം. ആധുനിക പ്ലാന്റ് സ്വന്തമായുള്ള ഭൂഷൺ സ്റ്റീലിനെ ടാറ്റ സ്റ്റീലിന്റെ ഉപകമ്പനിയായ ബംനിപാൽ സ്റ്റീൽ ഏറ്റെടുത്തത് 35200 കോടി രൂപയ്ക്ക്. ഭൂഷൺ സ്റ്റീലിന്റെ കടം 44000 കോടി രൂപയാണ്. പലിശ ഒഴിവാക്കി ബാക്കിയുള്ള തുകയാണു ബാങ്കുകൾക്കു കിട്ടുന്നത്. പുറമേ ബംനിപാൽ സ്റ്റീലിൽ 12% ഓഹരിയും ബാങ്കുകൾക്കു ലഭിക്കും.
പാപ്പർ നിയമ സംഹിത അനുസരിച്ച് (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് 2016–ഐബിസി) അനുസരിച്ചുള്ള ഒട്ടേറെ കടബാധ്യതാ നിവാരണങ്ങൾക്ക് ഇതു വഴിതുറക്കുകയും ചെയ്യും. നിലവിൽ ഭൂഷൺ സ്റ്റീൽ ഉൾപ്പെടെ 12 കമ്പനികളെയാണ് കടബാധ്യത തീർത്ത് ഒത്തുതീർപ്പാക്കാനായി റിസർവ് ബാങ്ക് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനു വിട്ടിട്ടുള്ളത്.
എന്നാൽ ഇവയെല്ലാം വൻകിട കോർപറേറ്റ് കമ്പനികളുടെ ബാധ്യതയാണ്. വ്യക്തികളുടെയും പാർട്നർഷിപ്പ് സ്ഥാപനങ്ങളുടെയും കടബാധ്യത ഈ നിയമം അനുസരിച്ചു തീർപ്പാക്കുന്നതിന് അതിലെ മൂന്നാംപാർട്ട് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. 1000 രൂപ വരെയുള്ള കടങ്ങൾ തിരിച്ചു പിടിക്കാൻ അതിലൂടെ കഴിയും. അനേകരെ ബാധിക്കുന്ന വിഷയമായതിനാൽ വിദഗ്ധസമിതി പരിശോധിച്ചു വരികയാണ്. കൊച്ചിയിലെ ഋണനിവാരണ ട്രൈബ്യൂണലിന് (ഡിആർടി) കേന്ദ്ര വിജ്ഞാപനം വന്നാൽ ഇത്തരം കേസുകൾ തീർപ്പാക്കാൻ കഴിയും.
ഐബിസി കർക്കശം
കമ്പനികളിൽ നിന്നുള്ള കിട്ടാക്കടത്തെക്കുറിച്ച് എൻസിഎൽടി പരാതി സ്വീകരിച്ചാൽ 14 ദിവസത്തിനകം ഋണനിവാരണ (ഇൻസോൾവൻസി) പ്രഫഷനലിനെ നിയോഗിക്കും. ഋണനിവാരണ ഹർജി സംബന്ധിച്ചു പൊതുവിജ്ഞാപനം പുറപ്പെടുവിക്കും. സ്ഥാപനത്തിന്റെ ഭരണം ഇൻസോൾവൻസി പ്രഫഷനലിന്റെ കൈകളിലാവും. ഇൻസോൾവൻസി പ്രഫഷനൽ ഒരു മാസത്തിനകം കടം കൊടുത്തവരുടെ സമിതി (ക്രെഡിറ്റേഴ്സ് കമ്മിറ്റി) രൂപീകരിക്കുന്നു. ഋണനിവാരണ പ്രഫഷനൽ തയാറാക്കുന്ന കടം തിരിച്ചടവു പദ്ധതി (റസല്യൂഷൻ പ്ലാൻ) കടം കൊടുത്തവരുടെ സമിതി അംഗീകരിച്ചാൽ നടപടികൾക്കു വേഗം കൂടും. എല്ലാറ്റിനും കൂടി 180 ദിവസം (ആറു മാസം) മാത്രമാണു നിയമപ്രകാരം നൽകിയിട്ടുള്ള സമയപരിധി. കമ്പനി ഡയറക്ടർമാരെ പാപ്പരായി പ്രഖ്യാപിക്കും.
സാധാരണക്കാർ നേരിടുന്ന അനേകം പ്രശ്നങ്ങളിൽ പരാതി നൽകാൻ കഴിയും. 1. ശമ്പളം നൽകാതെ കുടിശികയാക്കിയാൽ. 2. സാധനം വാങ്ങിയതിനോ സേവനം നൽകിയതിനോ പണം നൽകാതിരുന്നാൽ. 3. വീടിന്റേയോ കെട്ടിടത്തിന്റേയോ വാടക കൊടുക്കാതിരുന്നാൽ. 4. കരാർപ്രകാരം ഭൂമിയോ വീടോ ഫ്ലാറ്റോ വാങ്ങാൻ മുൻകൂർ തുക വാങ്ങിയശേഷം അവ റജിസ്റ്റർ ചെയ്തു നൽകിയതുമില്ല, അഡ്വാൻസ് തുക തിരികെ കൊടുത്തതുമില്ല.
ഇത്തരം ആവലാതികൾക്കെല്ലാം പരിഹാരമാണു പാപ്പർ നിയമം. പണം നൽകാത്തവരുടെ ആസ്തികൾ ലേലം ചെയ്തു വിൽക്കാനും പരാതിക്കാരനു കിട്ടാനുള്ള പണം കൊടുക്കാനും ഇൻസോൾവൻസി പ്രഫഷനലിനെ ട്രൈബ്യൂണൽ അധികാരപ്പെടുത്തും. നിയമത്തിലെ ഇതുസംബന്ധിച്ച ഭാഗം (പാർട്ട് 3) ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ല.