Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ ഉൽപന്ന വിപണിയിൽ നിയന്ത്രണം

മലപ്പുറം ∙ ജൈവ കാർഷിക ഉൽപന്നങ്ങളുടെ വിപണിയിൽ ചെറുകിട, ഇടത്തരം കർഷകരുടെ സാന്നിധ്യം ഇല്ലാതാക്കുന്ന ഉത്തരവുമായി കേന്ദ്രസർക്കാർ. ഇനി സർക്കാർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഒരു ഉൽപന്നം ജൈവം എന്ന പേരിൽ വിൽക്കാൻ സാധിക്കൂ. സർക്കാർ നിബന്ധനകൾ പാലിച്ച് ജൈവ സർട്ടിഫിക്കേഷൻ നേടുക കർഷകരെ സംബന്ധിച്ച് ഏറെ ചെലവേറിയ കാര്യവുമാകും.

ഈ മാസം ഒന്നിന് പുതിയ ഉത്തരവ് പ്രാബല്യത്തിലായി.  കർഷകർ പരസ്പരം സാക്ഷ്യപ്പെടുത്തുന്ന പിജിഎസ് (പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം) ഓർഗാനിക് കൗൺസിൽ എന്ന സംവിധാനം ഇല്ലാതാക്കിക്കൊണ്ട് സർക്കാർ ഏജൻസിയായ എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ) ആണ് ഉത്തരവിറക്കിയത്. 

കർഷക സംഘടനകളുടെ കൂട്ടായ്മയായ പിജിഎസ് ഓർഗാനിക് കൗൺസിലിന്റെ സർട്ടിഫിക്കേഷൻ അധികാരം ഇതോടെ ഇല്ലാതായി. പുതിയ സംവിധാനത്തിൽ ജൈവ സർട്ടിഫിക്കേഷൻ നേടാൻ ജൈവ തോട്ടത്തിന്റെ ഉടമ ഒരു കാർഷിക വിദഗ്ധൻ, ഒരു സാങ്കേതിക വിദഗ്ധൻ എന്നിവരെ നിയമിക്കണം. മറ്റ് ഒട്ടേറെ നിബന്ധനകളുമുണ്ട്.

ജൈവ സർട്ടിഫിക്കേഷൻ എങ്ങനെ? 

നിലവിൽ കേന്ദ്ര സർക്കാർ ഏജൻസിയായ അപേഡ (അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി) യാണ് ജൈവ സർട്ടിഫിക്കേഷൻ നൽകുന്നത്. ജൈവ ഉൽപന്നം എന്ന പേരിൽ കയറ്റുമതിക്ക് അപേഡയുടെ സർട്ടിഫിക്കറ്റ് നർബന്ധമാണ്. ആഭ്യന്തര വിപണിയിൽ വിൽപനയ്ക്ക് ജൈവ സർട്ടിഫിക്കേഷന് പിജിഎസ് അംഗീകാരം മതിയായിരുന്നു. ഇത് ചെലവില്ലാത്ത സംവിധാനവുമാണ്.