വേനൽ മഴ കാര്യമായി ഉണ്ടായില്ലെങ്കിലും സമൃദ്ധിയുടെ കണിക്കാഴ്ചകളുമായി മരട് രാജ്യാന്തര പച്ചക്കറി മാർക്കറ്റിലെ കർഷക കൂട്ടായ്മയുടെ വിഷുച്ചന്ത വ്യാഴാഴ്ച നടക്കും. വിഷു ഞായറാഴ്ച ആണെങ്കിലും വ്യാഴാഴ്ചകളിൽ നടക്കുന്ന ലേലച്ചന്ത വിഷുച്ചന്തയാക്കി മാറ്റിയിരിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ 'ഉഴവർ ചന്ത' മാതൃകയിലാണു മരട് മാർക്കറ്റിലെ വ്യാഴം ചന്ത. മധ്യ കേരളത്തിലെ പച്ചക്കറി ഹബ്ബായ മരട് മാർക്കറ്റിൽ മറുനാടൻ ഇനങ്ങളുമായി മൽസരിച്ചാണു നാടൻ പച്ചക്കറികളുമായി കർഷക കൂട്ടായ്മയുടെ വിഷുച്ചന്ത. മുളന്തുരുത്തി, ആലങ്ങാട്, കരുമാലൂർ, കുന്നുകര, പാറക്കടവ്, ചെല്ലാനം, നെടുമ്പാശേരി, ചേന്ദമംഗലം, എടയ്ക്കാട്ടുവയൽ എന്നീ ബ്‌ളോക്കുകളിൽ നിന്നുള്ള കർഷക കൂട്ടായ്മകളുടെ വിഷു ഉൽപ്പന്നങ്ങളാണ് എത്തുക.
മേടം ഒന്നിന് സൂര്യോദയത്തിനു മുൻപു കണി കാണേണ്ട വിഭവങ്ങളിലെ മുഖ്യ ഇനമായ കണിവെള്ളരി തന്നെയാണു താരം. പാറക്കടവ്, ആലങ്ങാട് ബ്ലോക്കുകളിലെ കർഷകരാണ് കണി വെള്ളരി എത്തിക്കുന്നത്. രാസ വളങ്ങൾ ഉപയോഗിക്കാതെ കർഷകർ സ്വന്തമായി വിളയിച്ച വെള്ളരി, മത്തൻ, കുമ്പളം, ചീര, പടവലം, കയ്പ, വെണ്ട, വഴുതിന, ചേന തുടങ്ങിയവക്കു പുറമെ നാടൻ പയർ, ഇല, വാഴക്കുടപ്പൻ, വാഴപ്പിണ്ടി, ഏത്തക്കായ എന്നിവയും വിൽപ്പനയ്ക്കുണ്ടാകും. കർഷകർ നേരിട്ട് വിൽപ്പന നടത്തുന്നതിനാൽ വിലയും കുറവാണ്. ലേലത്തറയിലെ ചില്ലറ വിൽപനയാണ് മരട് മാർക്കറ്റിൽ വിഷുവിന്റെ പ്രത്യേകത. ലേലം വിളിയുടെ നൂലാമാലകൾ ഇല്ലാതെ ആർക്കും ഈ സമയം കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വിലപേശി വാങ്ങാം. പച്ചക്കറികൾക്ക് പൊതുവെ വിലക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഏത്തക്കായ കിലോയ്ക്കു കഴിഞ്ഞ ആഴ്ചത്തെ ലേലത്തിൽ ശരാശരി 40 രൂപ ആയിരുന്നു. കണി വെള്ളരി കിലോയ്ക്ക് 10 രൂപയും വിലകിട്ടി.
കഴിഞ്ഞ മൂന്നു വർഷമായി ലേലം ഒഴിവാക്കി ആയിരുന്നു വിഷുച്ചന്ത നടത്തിയത്. മൂന്നു ദിവസം മുൻപേ നടത്തുന്നതിനാൽ ഇക്കുറി രണ്ടും ചേർന്നുള്ളതാണ് ഉദ്ദേശിക്കുന്നതെന്ന് മാർക്കറ്റിലെ കർഷക കൂട്ടായ്മയുടെ കൺവീനർ കുര്യാക്കോസ് വെട്ടിക്കാട്ടിൽ പറഞ്ഞു. പുലർച്ചെ വ്യാപാരം തുടങ്ങും.