ചക്കയെ മുൻപെങ്ങുമില്ലാത്തവിധം തിരിച്ചറിയുന്ന വിഷുക്കാലമായിരിക്കും ഇത്. വിഷുക്കണിയുരുളിയിൽ ഒതുങ്ങിയിരുന്ന ചക്കയ്ക്ക് ഇക്കുറി ‘മുന്തിയ’ സ്ഥാനം ലഭിക്കും. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമെന്ന പദവി ലഭിച്ചതാണു ‘മുള്ളൻ ശരീര’ത്തെ സ്നേഹിക്കാൻ കാരണമായിരിക്കുന്നത്.
കണിവെള്ളരിയാണു വിഷുക്കണിയിലെ പ്രധാന വിഭവമെങ്കിലും ചക്കയുൾപ്പെടെയുള്ള വിഭവങ്ങളും ഉൾപ്പെടുത്താറുണ്ട്. കിട്ടിയാൽ ഉരുളിയിൽ വയ്ക്കാം എന്ന നിലയിലായിരുന്നു ചക്കയുടെ സ്ഥാനം. എന്നാൽ ഇക്കുറി അങ്ങനെയല്ല. ഔദ്യോഗിക സ്ഥാനം ലഭിച്ച ചക്കയെ തീർച്ചയായും കണികാണുമെന്ന തീരുമാനത്തിലാണു ഭൂരിഭാഗവും.
അതിനു മുന്നോടിയായി ചക്ക അന്വേഷിച്ചെത്തുന്നവർ വർധിച്ചിരിക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. കിലോയ്ക്ക് 20–22 രൂപയാണു ചില്ലറ വില. വിഷുവിന് വില ഉയരാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറഞ്ഞു. വീടുകളിൽ നിന്നും പറമ്പുകളിൽ നിന്നും ആറ്–ഏഴ് രൂപയ്ക്കാണു മൊത്തക്കച്ചവടക്കാർ വാങ്ങുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ചക്ക സംഭരിക്കുന്നത് എഎം റോഡിലെ ഓടക്കാലിയിലും എംസി റോഡിലെ കാഞ്ഞിരക്കാട് പള്ളിപ്പടി, താന്നിപ്പുഴ, മറ്റൂർ എന്നിവിടങ്ങളിലുമാണ്. റോഡരികിലെ സംഭരണ കേന്ദ്രങ്ങളിൽ കൊണ്ടുവന്നു തരംതിരിച്ചാണു കയറ്റി അയയ്ക്കുന്നത്. ചില്ലറ കച്ചവടക്കാരും ഇവിടെനിന്നാണു കൊണ്ടുപോകുന്നത്.
ദിവസവും ഈ ചന്തകളിൽ എത്തുന്നത് ആയിരക്കണക്കിനു ചക്കകളാണ്. കയറ്റി അയയ്ക്കുന്നതു പ്രതിദിനം 200 ടൺ.
ഗൾഫ് രാജ്യങ്ങളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും ചക്കകൾ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്.
ഗൾഫ് മലയാളിക്കു വിഷുക്കണിക്കൊപ്പം ചക്കയും കാണണമെങ്കിൽ ഈ മാർക്കറ്റിൽ നിന്നെത്തണം. പെരുമ്പാവൂരിനും കാലടിക്കും 30 കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്നാണ് 80 ശതമാനം ചക്കയും ഇവിടെ കൊണ്ടുവരുന്നതെന്നു പ്രധാന ഏജന്റായ ജോയ് കുര്യാക്കോസ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നാണു ബാക്കിയെത്തുന്നത്.
വിദേശത്തേക്ക് അയയ്ക്കാനായി എക്സ്പോർട്ടിങ് ലൈസൻസുകളുള്ളവർക്കു കൈമാറും. സംസ്ഥാനത്തിനു പുറത്തേക്കു ലോറികളിൽ കൊണ്ടുപോകും. ന്യൂഡൽഹി, യുപി എന്നിവിടങ്ങളിലേക്കായി ദിവസവും 175–200 ടണ്ണാണു കയറ്റി അയയ്ക്കുന്നത്.
30,000 ചക്കയാണു ദിവസവും ഈ മാർക്കറ്റുകളിലെത്തിക്കുന്നത്. ഏകദേശം 150 ചക്കകളുണ്ടെങ്കിൽ ഒരു ടണ്ണാകും. അഞ്ചു മുതൽ 10 കിലോ വരെ തൂക്കമുള്ള ചക്കകളാണു വാങ്ങുന്നത്.