വിഷുവിന് ഒഴിച്ചുകൂടാനാകാത്ത ഇനമായ നാടൻ വെള്ളരി കിട്ടാനില്ലെന്നാണു തിരുവാണിയൂർ കാർഷിക വിപണി പ്രസിഡന്റ് ടി.കെ. ബാബു പറയുന്നത്.
കഴിഞ്ഞ വർഷം വിഷുവിനു പോലും വെള്ളരിക്കു മാന്യമായ വില കർഷകർക്കു ലഭിക്കാത്തതിനാൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണു വെള്ളരി കൃഷി ചെയ്തത്. മൈസൂർ വെള്ളരി വിപണി കയ്യടക്കിയതോടെയാണു നാടൻവെള്ളരിയുടെ വില കൂപ്പുകുത്തിയത്.
ഇതോടെ വിഷു വിപണിയിൽ പോലും കിട്ടാനില്ലാത്ത വിഭവമായി നാടൻ വെള്ളരി മാറി. കൃഷിക്കു മുരടിപ്പു ബാധിച്ചതു വിളവു കുറയാനും കാരണമായതായി കർഷകർ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പത്തു ശതമാനം നാടൻ വെള്ളരി മാത്രമേ ഇക്കുറി വിപണിയിലെത്തിയിട്ടുള്ളൂ എന്നാണു കണക്ക്.
ഡിമാൻഡ് കൂടിയതിനാൽ മികച്ച വിലയും ഇവയ്ക്കു ലഭിക്കുന്നുണ്ട്. വെള്ളരി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കു സ്ഥായിയായ വില കർഷകർക്കു ലഭിച്ചാൽ കൂടുതൽ പേർ കൃഷിക്കു തയാറാകുമെന്നു കർഷകർ പറയുന്നു.
ചക്കയ്ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. ചക്ക ലേലം വിളിക്കാനും തിരക്കു കൂടിയിട്ടുണ്ടെന്ന് എടയ്ക്കാട്ടുവയൽ കാർഷിക സമിതി വൈസ് പ്രസിഡന്റ് പൗലോസ് പി. ജോർജ് പറഞ്ഞു.