തൃശൂർ ∙ കേരളത്തിലേക്കു വരുന്ന ചില പച്ചക്കറികളിലും പഴങ്ങളിലും പുത്തൻ തലമുറ കീടനാശിനികൾ കണ്ടെത്തി. ആദ്യമായാണ് ഇതു കണ്ടെത്തുന്നതെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. നിലവിലുള്ള സംവിധാനത്തിൽ ഇവയുടെ സാന്നിധ്യം കണ്ടെത്താനാകുമായിരുന്നില്ല. 100 കോടിയിൽ ഒരംശം വിഷാംശം പോലും കണ്ടെത്താൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചതോടെയാണ് ഇവ കണ്ടെത്താനായതെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നു മാസമായി നടത്തുന്ന സാംപിൾ പരിശോധനിലെ ഫലങ്ങൾ. സാംപിളുകളെ അടിസ്ഥാനമാക്കി തയാറാക്കിയ രേഖയാണിത്.
∙ കേരളത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറികളിൽ 90 ശതമാനത്തിലധികം വിഷരഹിത പച്ചക്കറി.
∙ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയിലും പഴങ്ങളിലും 40 ശതമാനത്തിലും ഇപ്പോഴും കീടനാശിനിയുടെ അംശം അപകടകരമായ നിലയിൽ.
∙ അന്യ സംസ്ഥാനത്തു നിന്നെത്തുന്ന ഇലകളിൽ കറിവേപ്പില അടക്കമുള്ളവയിൽ നിശ്ചയിക്കപ്പെട്ട തോതിലും കൂടുതൽ വിഷാംശം.
∙ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ജൈവ പച്ചക്കറിയെന്ന ബ്രാൻഡിൽ വിൽക്കുന്ന ഉരുളക്കിഴങ്ങ്, ചുവന്നുള്ളി, പച്ച കാപ്സിക്കം, കാരറ്റ് എന്നിവയിൽ വിഷാംശം.
∙ സംസ്ഥാന സർക്കാരിനു കീഴിൽ കർഷകരിൽനിന്നു നേരിട്ടു ശേഖരിച്ചു വിൽക്കുന്ന പച്ചക്കറികളിൽ മൂന്നു പാവയ്ക്കാ സാംപിളുകൾ ഒഴിച്ച് എല്ലാ പച്ചക്കറിയും വിഷരഹിതം.
∙ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴവർഗങ്ങളിൽ 44% സാംപിളുകളിലും വിഷാംശം. ആപ്പിൾ, ആപ്പിൾ റോയൽഗാല, കറുത്ത മുന്തിരി, റെഡ് ഗ്ളോബ് മുന്തിരി, കുരുവില്ലാ പച്ചമുന്തിരി എന്നിവയിൽ വിഷാംശം കണ്ടെത്തി. ഈന്തപ്പഴം, ഉണക്ക മുന്തിരി എന്നിവ സുരക്ഷിതം.
∙ കൂവപ്പൊടി, അരിപ്പൊടി, ചോളമാവ്, പച്ചക്കറിപ്പൊടി, പഞ്ഞപ്പുല്ല്, ഓട്സ്, ഏത്തക്കാപ്പൊടി എന്നിവ സുരക്ഷിതം.
∙ മസാലപ്പൊടി ഇനങ്ങളിൽ 284 സാംപിളിൽ 69 എണ്ണത്തിൽ വിഷാംശം.
∙ ഏലക്ക, ജീരകം, മുളകുപൊടി, വറ്റൽ മുളക് എന്നിവയിൽ പുതുതലമുറ കീടനാശിനികളും കണ്ടെത്തി. എറണാകുളത്തെ ഒരു വൻകിട ജൈവ സൂപ്പർ മാർക്കറ്റിലെ ഏഴിനങ്ങളിൽ പുതുതലമുറ കീടനാശിനിയുടെ സാന്നിധ്യം. കുമിൾനാശിനി ഉൾപ്പെടെ ഏഴു കീടനാശിനികൾ ഇവയിൽ കണ്ടെത്തി.
∙ വിഷരഹിതമെന്നു ബ്രാൻഡ് ചെയ്തു വിൽക്കുന്ന ബജിമുളകിൽ മൂന്നുതരം കീടനാശിനി സാന്നിധ്യം.
∙ തിരുവനന്തപുരത്തുനിന്നു ശേഖരിച്ച വിദേശ ആപ്പിൾ ഇനങ്ങളിലും വൻ തോതിൽ കീടനാശിനി സാന്നിധ്യം.
∙ നാടൻ പച്ചക്കറിയിൽ സാംപിളെടുത്ത എല്ലാ ജില്ലകളിലും കീടനാശിനിയുടെ അംശം കുറവ്.
∙ ഇനി മുതൽ പരിശോധന കർശനമാക്കും. ലാബുകളുടെ എണ്ണം വർധിപ്പിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ലാബും ഉപയോഗിക്കും. തുടർന്ന് എല്ലാ മാസവും പരിശോധന.
∙ കീടനാശിനി കടയ്ക്കു ലൈസൻസ് കിട്ടണമെങ്കിൽ കാർഷിക സർവകലാശാലയുടെ ഒരു വർഷ ഡിപ്ലോമ പാസാകണം.
∙ കീടനാശിനി വിൽപന കടകളിൽ ഓരോ രണ്ടാഴ്ച കൂടുമ്പോൾ കാർഷിക വകുപ്പുദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചു കീടനാശിനി എവിടെ ഉപയോഗിച്ചുവെന്നു പരിശോധിക്കും.