ഗൾഫ് മലയാളികൾക്ക് ഈ വിഷുവിന് ആഘോഷിക്കാൻ കൊച്ചിയിൽനിന്നു കയറ്റിയയ്ക്കാൻ ലക്ഷ്യമിടുന്നത് 2300 ടൺ പച്ചക്കറി. വിഷു ആഘോഷങ്ങൾക്കുള്ള പച്ചക്കറി കയറ്റുമതി ഇന്നാരംഭിക്കും. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിൽ നിന്നുമായി ഏതാണ്ട് 5000 ടൺ പച്ചക്കറികൾ ആണ് ഈ സീസണിൽ അയയ്ക്കുക.
കേരളത്തനിമയാർന്നതും പൂർണമായും ജൈവരീതിയിൽ വിളവെടുത്തതുമായ പച്ചക്കറികൾ ഇത്തവണ കൂടുതലായി ഗൾഫ് മലയാളികളുടെ തീൻമേശയിലെത്തും. നാടെങ്ങും ജൈവപച്ചക്കറി കൃഷി വ്യാപിച്ചതിനെത്തുടർന്നാണിത്. കേരള ഓർഗാനിക് എന്ന പ്രത്യേക പേരിലാണ് ഇത് കയറ്റിയയ്ക്കപ്പെടുന്നത്. എന്നാൽ ഇതുകൊണ്ടു മാത്രം ഗൾഫിലെ വിഷുവിനുള്ള പച്ചക്കറിയാവശ്യം നിറവേറ്റാനാകാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച ഗുണമേൻമ കുറഞ്ഞ പച്ചക്കറികളും കയറ്റുമതിക്കാർക്ക് അയയ്ക്കേണ്ടി വരും.
കഴിഞ്ഞ വർഷം വിഷുവിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പെരിഷബിൾ കാർഗോ വിഭാഗത്തിൽ നിന്ന് അയച്ചത് 2040 ടൺ പച്ചക്കറികളാണ്. ഇത്തവണ കൂടുതൽ പച്ചക്കറികൾക്ക് ഓർഡർ ലഭിച്ചിട്ടുണ്ടെങ്കിലും കടുത്ത വേനലായതിനാൽ ഗുണമേൻമയേറിയ പച്ചക്കറികൾ ആവശ്യത്തിനു ലഭിക്കുമോ എന്ന ആശങ്കയാണു കയറ്റുമതിക്കാർക്കുള്ളത്.
അതേസമയം, ജിഎസ്ടി ഏർപ്പെടുത്തിയതിനെത്തുടർന്നു പൊതുവേ ഈ മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യം വിഷു കയറ്റുമതിയെയും ബാധിച്ചേക്കുമെന്നു പച്ചക്കറി കയറ്റുമതിക്കാരുടെ സംഘടനയായ അപക്സയുടെ ജനറൽ സെക്രട്ടറി ദിൽ കോശി ചൂണ്ടിക്കാട്ടി.
വിമാനക്കൂലിയുടെ 18 ശതമാനം ആണു ജിഎസ്ടി ആയി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കിയത്. കഴിഞ്ഞ ജൂലൈ മുതൽ ഈടാക്കിയ നികുതി പത്തു ദിവസത്തിനകം മടക്കി നൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണു കേന്ദ്രവിഹിതം മാത്രം കയറ്റുമതിക്കാർക്കു മടക്കിക്കിട്ടിത്തുടങ്ങിയത്. സംസ്ഥാനവിഹിതം ഇനിയും ലഭിച്ചിട്ടില്ല. കയറ്റുമതിക്കാരുടെ പ്രവർത്തന മൂലധനം അപ്രതീക്ഷിതമായി വർധിച്ചതു മൂലം 30% വരെ കുറവ് കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നതായി ദിൽ കോശി ചൂണ്ടിക്കാട്ടി.
പ്രധാനമായും കോട്ടയം, കൂത്താട്ടുകുളം ഭാഗങ്ങളിൽ നിന്നുള്ള മഞ്ഞവെള്ളരി (വിഷുക്കണിക്ക് ഉപയോഗിക്കുന്നത്), ബെംഗളൂരു, ഊട്ടി, കേരളത്തിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന ചെറിയ മത്തൻ, കേരളത്തിൽ സുലഭമായ ഇടിച്ചക്ക (പാകമാകാത്ത ചെറിയ ചക്ക), കണിക്കൊന്ന എന്നിവയാണു പ്രധാനമായും വിഷുവിനു കൂടുതലായി കയറ്റിയയ്ക്കുന്നത്. ഇതോടൊപ്പം സദ്യയ്ക്കായുപയോഗിക്കുന്ന സാധാരണ പച്ചക്കറികളും വാഴയിലയും അധികമായി കയറ്റിയയ്ക്കും.