Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുക്കണിയൊരുക്കി കാർഷിക മേഖല

Fresh-Vegetables

വരൾച്ച സൃഷ്ടിച്ച വേനലിനെയും അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിനെയും അതിജീവിച്ച കർഷകർക്ക് വിഷുവിപണി പ്രതീക്ഷയാകുകയാണ്. ഉണക്കിനെ അതിജീവിച്ച പൈനാപ്പിളും കപ്പയും പച്ചക്കറികളും വിഷുവിപണിയിലേക്കെത്തിക്കഴിഞ്ഞു. വേനൽ ഉണക്കിക്കളഞ്ഞതിലും  ചുഴലിക്കാറ്റെടുത്തതിലും ബാക്കി വന്ന കാർഷികോൽപന്നങ്ങളെല്ലാം വിപണിയിലെത്തിച്ചു കാത്തിരിക്കുകയാണ് കർഷകർ. 

വിലയിടിവും കാറ്റു സൃഷ്ടിച്ച നാശനഷ്ടങ്ങളും തീർത്ത കടക്കെണിയിൽ‍നിന്നു രക്ഷപ്പെടാൻ കർഷകർക്കു വിഷു വിപണി കനിയണം.  വിഷുവിനു കണിയൊരുക്കാൻ ഏറ്റവും അനിവാര്യമായ കണിവെള്ളരിയും വാഴയുമാണു  കിഴക്കൻ മേഖലയിൽ വിഷുക്കാലഘട്ടത്തിൽ ഏറെ കൃഷി ചെയ്യുന്നത്. ഇക്കൊല്ലം കിഴക്കൻമേഖലയിൽ കണിവെള്ളരി കൃഷി വ്യാപകമായിരുന്നു.

എളുപ്പത്തിൽ കൂടുതൽ ചെലവില്ലാതെ കുറഞ്ഞകാലംകൊണ്ടു വിളവെടുക്കാവുന്ന കണിവെള്ളരിയാണ് വിഷുവിപണിയിലെ താരം. ഉൽപാദനം കൂടുതലായതിനാൽ വിലയൽപം താഴെയാണ്.  മൂവാറ്റുപുഴ ഇഇസി മാർക്കറ്റിലും മറ്റു കർഷക സ്വതന്ത്ര വിപണിയിലും വിറ്റഴിക്കാനായി കണിവെള്ളരി വിഷുവിപണി ഉണരാനായി കാത്തിരിക്കുകയാണ്.  മൂവാറ്റുപുഴ ഇഇസി മാർക്കറ്റിനെ മാത്രമല്ല കർഷകർ ഇപ്പോൾ ആശ്രയിക്കുന്നത്. മാറാടി, വാഴക്കുളം, വാളകം, പണ്ടപ്പിള്ളി എന്നിവിടങ്ങളിലെ ഇടനിലക്കാരെ ഒഴിവാക്കിയുള്ള കർഷകരുടെ സ്വന്തം സ്വതന്ത്രകാർഷിക വിപണികൾ സജീവമാണ്. ചൊവ്വാഴ്ചയാണു ഇഇസി മാർക്കറ്റിലെ വിഷുവിപണി. ഇതിനു പിന്നാലെ മറ്റു കാർഷിക സ്വതന്ത്ര മാർക്കറ്റുകളിലും വിഷുവിപണി നടക്കും.

വേനൽക്ഷീണം മാറണമെങ്കിൽ വിഷു കനിയണം.

വിഷു മുന്നിൽ കണ്ട് കൃഷി ചെയ്ത പൈനാപ്പിൾ, കപ്പ, പച്ചക്കറികൾ, വാഴക്കുലകൾ എന്നിവയെ കടുത്ത വേനൽച്ചൂട് ബാധിച്ചിരുന്നു. പൈനാപ്പിൾ കൃഷിയെയും, പച്ചക്കറിക്കൃഷിയെയുമാണ് വേനൽ ഉണക്ക് കാര്യമായി ബാധിച്ചത്. ചൂടിനെ അതിജീവിക്കാൻ കർഷകർക്ക് കൃഷിച്ചെലവു വർധിപ്പിക്കേണ്ടി വന്നു. വെള്ളം ടാങ്കറിൽ കൊണ്ടുവന്നുവരെ കൃഷിയിടങ്ങൾ നനച്ചു. മറ്റു വേനൽ പ്രതിരോധ മാർഗങ്ങളും ചെലവേറിയതായിരുന്നു. അതുകൊണ്ടു തന്നെ നല്ല വില കിട്ടിയില്ലെങ്കിൽ നഷ്ടമുണ്ടാകും. കിഴക്കൻമേഖലയുടെ പ്രധാന കാർഷിക വിളയായ പൈനാപ്പിൾ മാസങ്ങൾക്കു മുമ്പേയുണ്ടായിരുന്ന വിലത്തകർച്ചയിൽനിന്നും തിരിച്ചുകയറ്റത്തിന്റെ പാതയിലാണ്. 10 രൂപയിൽ താഴെ വരെയെത്തിയ പൈനാപ്പിൾ വില ഇപ്പോൾ 25 രൂപയിലേക്കു വരെ തിരിച്ചെത്തി. വേനൽച്ചൂടും വിഷുവിപണിയും പൈനാപ്പിൾ വിലയ്ക്കു താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ഇതിന്റെ ഉന്മേഷവും കാണാനുണ്ട്. മുംബൈയ്ക്കും ചെന്നൈക്കും ബെംഗളൂരുവിലേക്കുമൊക്കെ പൈനാപ്പിൾ കയറ്റി അയയ്ക്കുന്നതോടൊപ്പം വേനലിൽ പൊള്ളുന്ന ആഭ്യന്തര വിപണിയിലും പൈനാപ്പിളിന് ആവശ്യക്കാരുയർന്നിട്ടുണ്ട്. വിഷുച്ചന്തയിൽ പൈനാപ്പിളും താരമായുണ്ടാകും.

വാഴയ്ക്കും വിഷുതന്നെ ശരണം.

വിഷുവിപണിയെ മാത്രം പ്രതീക്ഷിച്ചു കഴിയുന്നതു വാഴക്കർഷകരാണ്. പത്തു മിനിറ്റു മാത്രം വീശിയടിച്ച ചുഴലിക്കാറ്റിൽ കിഴക്കൻ മേഖലയിലെ ഏക്കറുകണക്കിനു വാഴത്തോട്ടങ്ങളാണു നശിച്ചത്. പാകമാകാറായ വാഴക്കുലകൾ വരെ നശിച്ചു. കടുത്ത വേനലിനെ അതിജീവിക്കാൻ വൻ തുക മുടക്കി വലിയ കരുതലുകളാണു വാഴക്കർഷകർ ഒരുക്കിയിരുന്നത്. വേനലിനെ അതിജീവിക്കാൻ ആയെങ്കിലും പത്തു മിനിറ്റു വീശിയ കാറ്റ് എല്ലാ അധ്വാനങ്ങളും പാഴാക്കി.

എങ്കിലും ശേഷിച്ച വാഴക്കുലകളുമായി വിപണിയിലെത്തിയവർക്കു സന്തോഷത്തിനു വകയുണ്ടായില്ല. പൂവൻ പഴത്തിനു കടുത്ത വിലയിടിവാണ്. എന്നാൽ ഏത്തപ്പഴത്തിനും ഞാലിപ്പൂവനും നല്ല വില ലഭിക്കുന്നുണ്ട്. വിഷുക്കാലമാകുമ്പോഴേക്കും വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണു കർഷകർ. പുറത്തു നിന്നെത്തുന്ന വാഴക്കുലകളെക്കാൾ നാടൻ ഇനങ്ങൾക്കു നാട്ടിലിപ്പോൾ പ്രിയം ഏറിയത് നേട്ടമാകുമെന്നു കർഷകരും കരുതുന്നു.  ഇടനിലക്കാരില്ലാതെ കാർഷിക ഉൽപന്നങ്ങൾ ലേലത്തിലൂടെ വിറ്റഴിക്കുന്ന ഇഇസി മാർക്കറ്റിൽ കഴിഞ്ഞ  ചന്തയിൽ ഏത്തക്കായയ്ക്കും മറ്റു പച്ചക്കറികൾക്കും മോശമല്ലാത്ത വില ലഭിച്ചിരുന്നു. തേങ്ങയും പാവയ്ക്കയും മത്തങ്ങയും പടവലവുമൊക്കെ മോശമല്ലാത്ത വിലയ്ക്കു വിറ്റു പോയി. 

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളെക്കാൾ ഗുണമേന്മയുള്ളതും കീടനാശിനി പ്രയോഗമില്ലാത്തതുമായ നാടൻ പച്ചക്കറികൾക്ക് ആവശ്യക്കാരേറെയുള്ളതിനാൽ മൊത്തക്കച്ചവടക്കാരും ചെറുകിട വ്യാപാരികളുമൊക്കെ കർഷക സംഘടനകളുടെ സ്വതന്ത്ര കാർഷിക വിപണികളെ കൂടുതൽ ആശ്രയിക്കുന്നത് കാർഷികോൽപന്നങ്ങൾക്കു നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയും നൽകുന്നുണ്ട്.