തൃശൂർ ∙ കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിച്ച പച്ചക്കറികളിൽ 93 ശതമാനവും കഴിക്കാൻ സുരക്ഷിതമായിരുന്നെന്നു കാർഷിക സർവകലാശാലയുടെ റിപ്പോർട്ട്. എല്ലാ ജില്ലകളിൽനിന്നും ശേഖരിച്ചു പരിശോധിച്ച 271 സാംപിളുകളിൽ 253 എണ്ണവും ‘സേഫ് ടു ഈറ്റ്’ മാനദണ്ഡം പാലിച്ചു.
തിരുവനന്തപുരം വെള്ളായണിയിലെ കീടനാശിനി പരിശോധനാ കേന്ദ്രത്തിൽ നടത്തിയ പഠനത്തിൽ കോട്ടയം, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള എല്ലാ സാംപിളുകളും പൂർണ സുരക്ഷിതമായിന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ പച്ചമുളകിൽ കീടനാശിനി അവശിഷ്ടം കണ്ടെത്തി. മലപ്പുറത്തു വെള്ളരിയിലും ആലപ്പുഴയിൽ കറിവേപ്പിലയിലും ഇടുക്കിയിൽ ബീൻസ് സാംപിളുകളിലും കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു.
കീടനാശിനി പ്രയോഗം ഏറ്റവും കൂടുതൽ കണ്ടെത്തിയതു തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ നിന്നുള്ള ചുവപ്പു ചീര, പടവലം, കാബേജ്, ബീൻസ്, ചതുരപ്പയർ എന്നിവയുടെ രണ്ടു സാംപിളുകളിലും കാപ്സിക്കം, സാമ്പാര്‍ മുളക്, കറിവേപ്പില, പച്ചമുളക്, പയർ എന്നിവയുടെ ഓരോ സാപിളുകളിലും വിഷാംശം കണ്ടെത്തി.
കൊല്ലം ജില്ലയിൽ നിന്നുള്ള കോവൽ, പയർ, പച്ചമുളക് എന്നിവയിലും പത്തനംതിട്ട, തൃശൂർ ജില്ലകളിലെ പയർ, പച്ചമുളക് സാംപിളുകളിലും പരിധിക്കു മുകളിൽ കീടനാശിനി സാന്നിധ്യമുണ്ടായിരുന്നു. പാലക്കാട് ജില്ലയിൽനിന്നു ശേഖരിച്ച പച്ചക്കറികളിൽ അമരയ്ക്ക, പയർ, പച്ചമുളക് സാംപിളുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി.
കേരളത്തിലെ കർഷകർ അമിത കീടനാശിനി പ്രയോഗം നടത്തുന്നില്ലെന്നാണു പഠനത്തിൽ നിന്നു മനസ്സിലാകുന്നതെന്നു വെള്ളായണി കാർഷിക കോളജിലെ പ്രഫ. തോമസ് ബിജു മാത്യു പറഞ്ഞു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2012ൽ തുടങ്ങിയ സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിൽനിന്നും പച്ചക്കറി സാംപിളുകൾ എല്ലാ മാസവും ശേഖരിച്ചു വിഷാംശ പരിശോധന നടത്താറുണ്ട്.