തിരുവനന്തപുരം ∙ വെള്ളായണി കാര്‍ഷിക കോളജ് പരിശോധിച്ച പുതിന സാമ്പിളുകളില്‍ 62 ശതമാനത്തിലും വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചയാകവേ, പച്ചക്കറികളില്‍നിന്ന് വിഷം നീക്കം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളുമായി സര്‍വകലാശാലയിലെ വിദഗ്ധര്‍.
പുതിനയും കറിവേപ്പിലയും എങ്ങനെ വിഷമുക്തമാക്കാം?
കറിവേപ്പിലയും പുതിനയിലയും ടിഷ്യൂ പേപ്പറിലോ ഇഴ അകന്ന കോട്ടന്‍ തുണിയിലോ പൊതിഞ്ഞ് പ്ലാസ്റ്റിക് ബോക്‌സില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കണം
ഉപയോഗത്തിനു തൊട്ടു മുന്‍പ് വിനാഗിരി ലായനിയിലോ 10 ഗ്രാം വാളന്‍പുളി ഒരു ലീറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ച ലായനിയിലോ പാക്കറ്റില്‍ കിട്ടുന്ന ടാമറിൻഡ് പേസ്റ്റ് രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു ലീറ്റര്‍ വെള്ളത്തിൽ ലയിപ്പിച്ചതിലോ പത്തു മിനിറ്റ് മുക്കി വച്ചശേഷം ശുദ്ധജലത്തില്‍ രണ്ടു തവണ കഴുകിയാല്‍ 40 ശതമാനം മുതല്‍ 75 ശതമാനം വരെ വിഷാംശം നീക്കം ചെയ്യാം. കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങളില്‍ ഇതു വ്യക്തമായിട്ടുണ്ട്.
Read: സുരക്ഷിതമായത് 26 പച്ചക്കറികൾ മാത്രം...
ഇതിനേക്കാള്‍ ഫലപ്രദമായി വിഷം നീക്കം ചെയ്യാന്‍ സര്‍വകലാശാലയുടെ ഉല്‍പന്നമായ വെജി വാഷ് ഉപയോഗിക്കാം
എന്താണ് വെജി വാഷ്
പാചകത്തിനുള്ള ചേരുവകളായി അടുക്കളകളില്‍ ഉപയോഗിക്കുന്ന വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പൊടി, ചെറുനാരങ്ങ തുടങ്ങിയവയുടെ രണ്ടു ശതമാനം വീര്യമുള്ള ലായനികളില്‍ 10-15 മിനിറ്റ് പച്ചക്കറികള്‍ മുക്കിവച്ചശേഷം വെള്ളത്തില്‍ കഴുകിയാല്‍ അന്യസംസ്ഥാന പച്ചക്കറികളില്‍ സ്ഥിരമായി കാണുന്ന കീടനാശിനികള്‍ മിക്കതും ഏറെക്കുറെ നീക്കം ചെയ്യാമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പ്രത്യേക ലായനിയാണ് വെജി വാഷ്. ഈ ലായനി അടിസ്ഥാനമാക്കി ഉല്‍പന്നം നിര്‍മിക്കാൻ സംരംഭകര്‍ക്ക് അനുവാദം നല്‍കുന്നുണ്ട്. വെജി വാഷ് എല്ലാ ജില്ലകളിലും ലഭ്യമാണ്.
വെജി വാഷ് ഉപയോഗിക്കുന്നതെങ്ങനെ
സര്‍വകലാശാല വികസിപ്പിച്ച ഏതെങ്കിലും ബ്രാന്‍ഡ് വെജി വാഷ് ലായനിയുടെ 10 മില്ലി (ഒരു അടപ്പ്) ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കറിവേപ്പിലയും പുതിനയും 10 മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകിയാല്‍ വിഷാശം 44 ശതമാനം മുതല്‍ 82 ശതമാനം വരെ നീക്കം ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ഷിക കോളജ്, വെള്ളായണി, തിരുവനന്തപുരം. ഫോണ്‍ നമ്പര്‍- 0471-2380520,2388167