Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാങ്ങ പഴുപ്പിക്കാൻ ‘ചൈനീസ് വിഷം’?; കാത്തിരിക്കുന്നത് അൾസർ മുതൽ കാൻസർ വരെ

mango പ്രതീകാത്മക ചിത്രം.

ചെന്നൈ∙ സീസൺ കഴിഞ്ഞെങ്കിലും കോയമ്പേട് ചന്തയിൽ പഴമാങ്ങ സുലഭമാണ്. പക്ഷേ, മൽസ്യത്തിൽ ഫോർമലിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ കാലം തെറ്റി എത്തുന്ന മാങ്ങയിലെ പതിവില്ലാത്ത രാസവസ്തു സാന്നിധ്യത്തെക്കുറിച്ചും ഭയപ്പെടാതെ വയ്യ. കാരണം, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, ആരോഗ്യത്തിനു ഹാനികരമായ എഥിലിൻ പൊടിരൂപത്തിൽ സംഭരിച്ച ചാക്കുകൾ കോയമ്പേട് മാർക്കറ്റിലെ 10 കച്ചവടക്കാരിൽ നിന്നു കണ്ടെത്തി. മാരകമെങ്കിലും ഇഷ്ടാനുസരണം മാങ്ങ പഴുപ്പിക്കാൻ പരീക്ഷിക്കപ്പെടുന്ന ഇത് ചൈനയിൽ നിന്നാണത്രെ എത്തിക്കുന്നത്. ചെന്നൈയിലെ പഴുപ്പിക്കൽ രീതി കേരളത്തിലുമുണ്ടോയെന്ന ആശങ്കയിലാണ് മലയാളികൾ.

പാകമാകും മുൻപ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോൾ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് എഥിലിൻ ഉപയോഗിക്കുന്നത്. കാൽസ്യം കാർബൈഡ് ആണ് പഴങ്ങൾ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കർ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും ചാക്ക് കണക്കിന് എഥിലിൻ കണ്ടെത്തിയതിനെ തുടർന്നാണ് ഇതും ‌പ്രയോഗിക്കുന്നുണ്ടോ എന്ന സംശയം വ്യാപകമായത്. കേരളം, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാടിന്റെ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുമാണു നഗരത്തിലേക്കുള്ള മാമ്പഴം എത്തുന്നത്. 

അധിക വിളവ് ലഭിക്കുന്ന സമയത്തു പാകമാവാത്ത മാങ്ങ ചെറിയ വിലയ്ക്കു സംഭരിക്കുന്ന വൻകിട വ്യാപാരികൾ ഇവ പഴുപ്പിക്കുന്നതിനാണു രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. 60 കടകളിൽ നടത്തിയ പരിശോധനയിൽ പത്തിടത്തുനിന്ന് എഥിലിൻ ചാക്കുകൾ കണ്ടെത്തി. ഒട്ടേറെ കടകളിൽനിന്നു കാൽസ്യം കാർബേഡും കണ്ടെത്തിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസം മുൻപു മാങ്ങയും പപ്പായയും പഴുപ്പിക്കുന്നതിനു രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കോയമ്പേട് തന്നെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പൊടിക്ക് വീര്യം പലമടങ്ങ്; ദുരന്തം അൾസർ മുതൽ കാൻസർ വരെ 

പഴങ്ങൾ പഴുപ്പിക്കുന്നതിനു നിയന്ത്രിത അളവിൽ എഥിലിൻ വാതകം ഉപയോഗിക്കാൻ ഇന്ത്യയിൽ അനുമതിയുണ്ട്. എന്നാൽ, എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിച്ചു പഴങ്ങൾ പഴുപ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. അനുവദിച്ചിട്ടുള്ള അളവിന്റെ പല മടങ്ങ് വീര്യമാണ് എഥിലിൻ പൊടിയായി ചാക്കുകളിൽ നിറയ്ക്കുമ്പോഴുള്ളത്. എഥിലിൻ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങൾ കാരണം വയറ്റിൽ അൾസർ ഉണ്ടാകുന്നതിനും നാഡീവ്യൂഹത്തിനു തകരാറുണ്ടാകുന്നതിനും കാരണമാകാം. അർബുദത്തിനും എഥിലീൻ ഉപയോഗിച്ചു പഴുപ്പിക്കുന്ന പഴങ്ങൾ കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്.