കൊച്ചി ∙ സാമ്പത്തിക രംഗത്ത് വൻ വിപ്ലവത്തിന് തുടക്കംകുറിച്ച ബാങ്ക് ദേശസാൽക്കരണം 50–ാം വയസ്സിലേക്ക്. ഇന്ദിരാഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ 1969 ജൂലൈ 19 നാണ് 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളായി പ്രഖ്യാപിച്ചത്. നിലവിൽ രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 70% നിയന്ത്രിക്കുന്നത് ഈ 14 ബാങ്കുകളാണ്. ബാങ്കിങ് കമ്പനീസ് ഓർഡിനൻസ് എന്ന പേരിലാണ് പ്രത്യേക നിയമം പാസാക്കി ദേശസാൽക്കരണം നടപ്പാക്കിയത്.
ദേശസാൽക്കരണം നടപ്പാക്കുന്നതുവരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നത് എസ്ബിഐ മാത്രം. 1955 ൽ ആണ് എസ്ബിഐയെ പൊതുമേഖലയിൽ കൊണ്ടുവന്നത്. അതുവരെ ഇംപീരിയൽ ബാങ്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. ദേശസാൽക്കരണ നടപടികളിലേക്ക് വഴിവച്ചത് രണ്ടു കാരണങ്ങളാണ്. സ്വകാര്യ ബാങ്കുകൾ എന്ന നിലയിൽ ഇവയുടെ പ്രവർത്തനം 1947–1955 കാലയളവിൽ ഏകദേശം 361 സ്വകാര്യ ബാങ്കുകൾ ഉണ്ടായിരുന്നു. നിക്ഷേപത്തിന് സുരക്ഷിതത്വം ലഭിക്കാതായി. പലർക്കും നിക്ഷേപം നഷ്ടപ്പെട്ടു. കൂടാതെ കാർഷിക മേഖലയെ ബാങ്കുകൾ അവഗണിച്ചു.
വൻകിട വ്യവസായങ്ങൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും മാത്രമായി വായ്പാ വിതരണം പരിമിതപ്പെടുത്തി. 1950 ൽ മൊത്തം വായ്പയുടെ 2.3% മാത്രമാണ് കാർഷിക രംഗത്ത് വിതരണം നടത്തിയത്. 1967 എത്തിയതോടെ ഇത് 2.2 ശതമാനമായി. 1969ൽ ഇന്ത്യയിലെ ബാങ്കുകളിലെ നിക്ഷേപം 4800 കോടി രൂപയായിരുന്നു. ഇപ്പോൾ ഇത് 114 ലക്ഷം കോടിയിലെത്തി. ഗ്രാമീണ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശാഖകൾ തുറന്ന് ബാങ്കിങ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ദേശസാൽക്കരണം വഴിതുറന്നു.
ദേശസാൽക്കരണത്തിലും രാഷ്ട്രീയം
1960 മുതൽ ബാങ്കുകളുടെ ദേശസാൽക്കരണം ചർച്ചാ വിഷയമായിരുന്നു. എന്നാൽ കോൺഗ്രസിൽ ഇതിനെ പ്രതികൂലിച്ച് സിൻഡിക്കറ്റ് തന്നെ രൂപംകൊണ്ടു. ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി ഇതിനെ എതിർത്തു. തുടർന്ന് മൊറാർജി ദേശായിയെ മാറ്റി ഇന്ദിരാഗാന്ധി ധനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ബാങ്ക് ദേശസാൽക്കരണം നടപ്പാക്കി. ദേശസാൽക്കരണത്തെ എതിർത്ത് മൊറാർജി ഇന്ദിരാഗാന്ധിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിക്ക് ലഭിച്ച പിന്തുണ വലുതായിരുന്നു.
11 വർഷത്തിനു ശേഷം 1980 ൽ ആറു ബാങ്കുകളെ കൂടി സർക്കാർ നിയന്ത്രണത്തിലാക്കി. എന്നാൽ 50 വർഷത്തിനിപ്പുറം പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടത്തിന്റെ പിടിയിലാണ്. മൊത്തം വായ്പയുടെ 10% കിട്ടാക്കടമാണ്. എറ്റവും പുതിയ കണക്കു പ്രകാരം കിട്ടാക്കടത്തിന്റെ തോത് 9.30 ലക്ഷം കോടിയാണ്. 2017–18ൽ ബാങ്കുകൾ എഴുതിത്തള്ളിയ തുക 1,44,093 കോടി രൂപയും. മാത്രമല്ല, പ്രതീക്ഷിച്ച രീതിയിൽ കാർഷിക, മുൻഗണനാ വിഭാഗങ്ങൾക്ക് വായ്പാ വിതരണം നടത്താനും ബാങ്കുകൾക്കു കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്.
ദേശസാൽക്കരിച്ച ആദ്യത്തെ 14 ബാങ്കുകൾ
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ദേനാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, ഐഒബി, യൂക്കോ ബാങ്ക്, പിഎൻബി, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ.
ഡോ.വി.എ. ജോസഫ്, (സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡി, സിഇഒ)
സാധാരണക്കാരിൽ ബാങ്കിങ് ശീലം വളർത്താൻ ദേശസാൽക്കരണം വഴിതുറന്നു. ഗ്രാമങ്ങളിൽ ശാഖകൾ കൂടി. നിക്ഷേപം സുരക്ഷിതമാണെന്ന ബോധ്യം കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ബാങ്കുകളെ സഹായിച്ചു. കൃഷി, മുൻഗണനാ വിഭാഗങ്ങൾക്കു വായ്പ കൂടുതൽ ലഭിച്ചു. കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കാനും ഇതു വഴിവച്ചു. എന്നാൽ, ബാങ്കുകൾ പ്രഫഷനലിസത്തിനു പ്രാധാന്യം നൽകണം. കാര്യക്ഷമത കൂട്ടണം. കിട്ടാക്കടം ഭീഷണി ഉയർത്തുന്നു.