പുതുമകളിലൂടെ വളര്‍ച്ച

മായങ്ക് പരീഖ്

അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ വാഹന വിപണി കൈയടക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് ആവിഷ്‌കരിക്കുന്ന കര്‍മപദ്ധതികളെക്കുറിച്ചു ടാറ്റ മോട്ടോഴ്സ് യാത്രാവാഹന വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ്.

∙ ഇന്ത്യയിൽ ഏറ്റവുമധികം തുക ഗവേഷണ–വികസന (ആർആൻഡ്ഡി) പ്രവർത്തനങ്ങൾക്കായി ചെലവിടുന്ന വാഹനക്കമ്പനികളിലൊന്നാണല്ലോ ടാറ്റ മോട്ടോഴ്സ്. 

ഏതാനും വർഷത്തിനകം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയാകാനൊരുങ്ങുകയാണ് ഇന്ത്യ. ഏറ്റവും ആധുനിക ഉൽപന്നങ്ങൾ ഇന്ത്യക്കുവേണ്ടി രൂപപ്പെടുത്തുകയാണു ഞങ്ങളുടെ ലക്ഷ്യം. ഒമേഗ, ആൽഫ എന്നീ പ്ലാറ്റ്ഫോമുകൾ ടാറ്റ ആവിഷ്കരിച്ചു കഴിഞ്ഞു. 2019 ആദ്യമെത്തുന്ന എസ്‌യുവി ഹാരിയർ ഒമേഗ പ്ലാറ്റ്ഫോമിലെ ആദ്യവാഹനമാകും. ആൽഫയിലെ ആദ്യ കാർ അതിനുപിന്നാലെ എത്തും. 

പുണെയിലും ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി മൂന്നു കേന്ദ്രങ്ങളിൽ ഒരേ സമയം ടാറ്റ മോട്ടോഴ്സിനായി ഗവേഷണം നടക്കുന്നു. യുവാക്കളാണ് ഇനി ഇന്ത്യയിലെ കാർ ഉപഭോക്താക്കളിലേറെയും. അതുകൊണ്ടുതന്നെ അവരെ തൃപ്തിപ്പെടുത്തുന്ന ഉൽപന്നങ്ങളാകും ടാറ്റയിൽനിന്ന് ഇനി പുറത്തുവരുക. സാങ്കേതിക വിദ്യയിലെ ആധുനികതയ്ക്കൊപ്പം, സുരക്ഷയിലും മലിനീകരണ നിയന്ത്രണത്തിലുമുള്ള പുതിയ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താവും ഇവയെല്ലാം. 

∙ ഊബർ, ഒല തുടങ്ങിയ കാബ് അഗ്രിഗേറ്റർ സേവനദാതാക്കളുടെ സാന്നിധ്യം ഉപയോഗപ്പെടുത്താൻ ശ്രമമുണ്ടോ? ‘ഷെയേഡ്’ ബിസിനസ് രീതിയിലേക്കു കാര്‍ ഉപയോഗം മാറുന്നു എന്നു തോന്നുന്നുണ്ടോ?

മൊത്തം കാർ വിപണിയുടെ 18% മാത്രമാണു ടാക്സി വിപണി. അതിന്റെ മൂന്നിലൊന്നേയുള്ളൂ നിലവിൽ കാബ് അഗ്രിഗേറ്റർമാരുടേത്. ഇന്ത്യയിലെന്നല്ല, യുഎസിലും ഇവ വന്നതോടെ കാർ വിൽപന കുറഞ്ഞിട്ടില്ല. ന്യൂജെന്‍ മോഡലുകളിലേക്കു കമ്പനി ഫോക്കസ് ചെയ്യുന്നുണ്ടെങ്കിലും മൊത്തം ടാക്സി വിപണിക്കായി സെസ്റ്റ്, ബോള്‍ട്ട് മോഡലുകളുണ്ട്. 

∙ പുതിയ തന്ത്രങ്ങള്‍ വളര്‍ച്ചയ്ക്ക് എത്രത്തോളം സഹായകമായി?

മൊത്തം കാര്‍ വ്യവസായത്തിന്റെ വളര്‍ച്ചയെ തോല്‍പിക്കുന്ന നിരക്കാണ് ടാറ്റ മോട്ടോഴ്സിന് ഇപ്പോള്‍. കേരളത്തിലെ കണക്കുതന്നെ നോക്കൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ കാര്‍ വിപണി 8.5 ശതമാനം വളര്‍ന്നപ്പോൾ ടാറ്റ മോട്ടോഴ്സ് 36 ശതമാനം വളര്‍ച്ച നേടി. ഇക്കൊല്ലം ഏപ്രില്‍–ജൂണ്‍ പാദത്തില്‍ കേരള വിപണി 22 ശതമാനം വളര്‍ന്നപ്പോള്‍ ഞങ്ങള്‍ 90 ശതമാനം വളര്‍ച്ചയാണു നേടിയത്. ദേശീയ തലത്തിലും സ്ഥിതി വ്യത്യസ്തമല്ല–ശരാശരിയെക്കാള്‍ വളരെ ഉയരെയാണു ഞങ്ങളുടെ വളർച്ച.