തിരുവനന്തപുരം∙ മഹാപ്രളയം ഏൽപിച്ച ആഘാതത്തിൽനിന്നു തിരിച്ചുവരാനുള്ള കർമപദ്ധതിയുമായി ടൂറിസം വകുപ്പും സംരംഭകരും കൈകോർക്കുന്നു. രണ്ടാഴ്ചയ്ക്കകം കേരളത്തിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെ വരവേൽക്കാൻ പൂർണ സജ്ജമാകും. പ്രളയ നാശനഷ്ടങ്ങൾ പരിഹരിക്കാൻ പദ്ധതിത്തുക വകമാറ്റാൻ ടൂറിസം വകുപ്പ് അനുമതി നൽകി. കൊച്ചിയിൽ ഈ മാസം അവസാനം നടക്കുന്ന കേരള ട്രാവൽ മാർട്ട് സംസ്ഥാന ടൂറിസത്തിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമാകും. ‘കേരളം സന്ദർശിച്ചു പിന്തുണയ്ക്കൂ’ എന്ന സന്ദേശം മുൻനിർത്തി പ്രചാരണം ഉടൻ തുടങ്ങും. ഇരവികുളം ദേശീയോദ്യാനം തുറന്നു. തേക്കടിയിൽ ബോട്ടിങ്ങും ആരംഭിച്ചു.
മൺസൂൺ ടൂറിസം സീസൺ വളർത്തിയെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളാണു പ്രളയത്തിൽ മുങ്ങിപ്പോയത്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഒക്ടോബർ മുതലുള്ള പൊതു സീസണു മുൻപു കേരളത്തെ പൂർണമായി ഒരുക്കിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ഹോട്ടലുകളും റിസോർട്ടുകളും അതിവേഗം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ്. കേരളത്തിലേക്കുള്ള സഞ്ചാര നിയന്ത്രണം ഒഴിവാക്കണമെന്നു വിദേശരാജ്യങ്ങളുടെ എംബസികളോട് അഭ്യർഥിച്ചു തുടങ്ങി.
∙തിരിച്ചുവരാൻ ട്രാവൽ മാർട്ട്
കൊച്ചിയിൽ ഈ മാസം 27 മുതൽ 30 വരെ നടക്കുന്ന കേരള ട്രാവൽ മാർട്ടിൽ 52 വിദേശരാജ്യങ്ങളിൽനിന്നുള്ള 400 കമ്പനികൾ ഉൾപ്പെടെ 1500 ടൂറിസം സംരംഭകർ പങ്കെടുക്കുന്നു. കേരളം സഞ്ചാരികളെ വരവേൽക്കാൻ തയാറായി എന്ന സന്ദേശം ലോക ടൂറിസം മേഖലയിലെത്തിക്കാൻ ട്രാവൽ മാർട്ട് വഴിയൊരുക്കും.
അടുത്തയാഴ്ച വിശാഖപട്ടണത്തു നടക്കുന്ന അയാട്ടോ (ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ്) കൺവൻഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ പങ്കെടുക്കും. കേരളം സുരക്ഷിതമാണെന്ന് ആഭ്യന്തര ടൂറിസം വിപണിയെ ബോധ്യപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കും. ടൂറിസം പാർലമെന്ററി കമ്മിറ്റി 10നു കേരളത്തിലെത്തുന്നുണ്ട്. ടൂറിസം മേഖലയ്ക്കുള്ള കേന്ദ്ര സഹായത്തിന്റെ കാര്യം ഇവരുമായി ചർച്ച ചെയ്യും.
∙നഷ്ടം 2000 കോടി
ടൂറിസം മേഖലയിൽ പ്രളയം മൂലം 2000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു വിലയിരുത്തൽ. സ്വകാര്യ ഹോട്ടലുകൾക്ക് ഉൾപ്പെടെയുണ്ടായ നാശനഷ്ടം 500 കോടിയോളം വരും. സഞ്ചാരികളുടെ വരവു നിലച്ചതുമൂലമുള്ള നഷ്ടം 1500 കോടിയിലേറെ. നീലക്കുറിഞ്ഞി സീസണിൽ വൻ തിരക്കാണു കേരളം പ്രതീക്ഷിച്ചിരുന്നത്. ഇടുക്കിയിലെ ഹോട്ടലുകളിൽ ബുക്കിങ് നേരത്തേ പൂർത്തിയായിരുന്നു. അതെല്ലാം റദ്ദായി. ആലപ്പുഴ, കുമരകം, വയനാട് ഉൾപ്പെടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന മേഖലകളും പ്രളയത്തിൽ തകർന്നു.