2020 ആകുമ്പോഴേക്ക് കപ്പൽ ടൂറിസം മാർഗങ്ങളിലൂടെ 3 ലക്ഷം ഇന്ത്യക്കാർ രാജ്യാന്തര യാത്ര നടത്തുമെന്ന് പഠന റിപ്പോർട്ട്. നിലവിൽ പ്രതിവർഷം 1.7 ലക്ഷം ഇന്ത്യക്കാരാണ് ക്രൂസ് കപ്പലുകളിൽ യാത്ര ചെയ്യുന്നത്. ചൈനയിൽനിന്നുള്ള ക്രൂസ് യാത്രികരുടെ എണ്ണം 4 ലക്ഷത്തിൽനിന്ന് 27 ലക്ഷമായി ഉയർന്നത് 10 വർഷത്തിൽത്താഴെ സമയംകൊണ്ടാണ്. അതുപോലെ കുതിക്കാൻ ഇന്ത്യയ്ക്കും സാധ്യതയേറെയാണെന്ന് റോയൽ കരീബിയൻ ക്രൂസസിന്റെ ഇന്ത്യാപ്രതിനിധി വരുൺ ചന്ദ പറയുന്നു.
കപ്പൽ ടൂറിസം പ്രോൽസാഹിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും ഈ മേഖലയ്ക്ക് ഉത്തേജനം പകരും. മുംബൈയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ദക്ഷിണേഷ്യൻ രാജ്യങ്ങളുമായും കടൽ മാർഗം ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി ആലോചിക്കുന്നുണ്ട്. മുംബൈ– ഗോവ ക്രൂസ് കപ്പൽ സർവീസ് കഴിഞ്ഞമാസം ആരംഭിച്ചുകഴിഞ്ഞു. ആദ്യയാത്രയിൽ 400 പേരുണ്ടായിരുന്നു. സർക്കാർ ജീവനക്കാരുടെ ലീവ് ട്രാവൽ അലവൻസ് (എൽടിഎ) ക്രൂസിനും ബാധകമാക്കാനുള്ള നിർദേശം പരിഗണനയിലാണ്.
റോയൽ കരീബിയൻ ഗ്രൂപ്പിന്റെ ട്രാവൽ മാർക്കറ്റിങ് ഏജൻസിയായ തിരുൺ ഇക്കൊല്ലം ക്രിസ്മസ്, ന്യൂഇയർ ആഘോഷം സഹിതമുള്ള ക്രൂസ് നടത്തുന്നുണ്ട്. അബുദബി– മുംബൈ, മുംബൈ– ദുബായ് റൂട്ടുകളിലാണിത്. മുംബൈയിൽനിന്ന് കൊച്ചിയിലേക്കും ആഫ്രിക്കൻ തീരത്തേക്കുമൊക്കെ കപ്പലുകൾ ഇക്കൊല്ലം തന്നെ പോകുന്നുണ്ട്.