ന്യൂഡൽഹി∙ ചൈനയിൽ ഇന്ത്യൻ ടൂറിസത്തെ പരിചയപ്പെടുത്തി റോഡ് ഷോ നടത്താൻ കേന്ദ്രസംഘം. ലോകത്തിൽ ഏറ്റവും കൂടുതൽ വിദേശയാത്രക്കാരുള്ള രാജ്യമെന്ന നിലയിലാണു ചൈനയിലേക്കു പര്യടനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ നിന്നു 14.4 കോടിയാളുകൾ വിദേശയാത്ര പോയെന്നാണു കണക്ക്. ഇതിൽ ഇന്ത്യയിലെത്തിയത് 2.5 ലക്ഷം പേർ മാത്രം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന യുഎസിൽ നേരത്തേ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം നേരിട്ടെത്തി റോഡ് ഷോ നടത്തിയിരുന്നു. റഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും സമാനപരിപാടി നടത്താനും പദ്ധതിയുണ്ട്. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം മൂന്നു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുകയാണു ലക്ഷ്യം. പോയവർഷം ഇന്ത്യയിലെത്തിയ വിദേശസഞ്ചാരികളുടെ എണ്ണത്തിലും നേട്ടമുണ്ട്; ഒരു കോടി പേർ. പ്രവാസികളുടെ എണ്ണംകൂടി പരിഗണിച്ചാൽ 1.65 കോടിയാണ് ഇന്ത്യയിലേക്കു വരുന്നവരുടെ എണ്ണം.
സഞ്ചാരികൾക്ക് സൗജന്യ സിം പദ്ധതി ഉപേക്ഷിച്ചു
ഇ–വീസയിൽ എത്തുന്ന വിദേശ സഞ്ചാരികൾക്കു സൗജന്യ സിം നൽകുന്നതു നിർത്തിവച്ചു. പദ്ധതി ആവശ്യമില്ലെന്നു കണ്ടു നിർത്തിയെന്നാണു വിശദീകരണം. എന്നാൽ, സഞ്ചാരികളുമായി ഏതു ഘട്ടത്തിലും ബന്ധം നിലനിർത്താനും അപകടഘട്ടത്തിൽ സഹായം തേടാനുമെല്ലാമായി ആവിഷ്കരിച്ചതാണു പദ്ധതി. രാജ്യത്ത് എത്തിയാലുടൻ ടൂർ പ്ലാനർമാരുമായും മറ്റും എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുമെന്നതും നേട്ടമായിരുന്നു. വിദേശസഞ്ചാരികൾ സമൂഹമാധ്യമങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. ഇതിനു വൈഫൈ സൗകര്യം മിക്കയിടത്തും ലഭ്യമാണ്. ഇതുകൊണ്ടു തന്നെ സിം കാർഡ് കൊണ്ടു പ്രത്യേക പ്രയോജനമില്ലെന്നു ടൂറിസം സെക്രട്ടറി രശ്മി വർമ പറഞ്ഞു.