സ്പൈസ്ജെറ്റ് കാർഗോ 18 മുതൽ

നെടുമ്പാശേരി ∙ രാജ്യത്തെ പ്രമുഖ ചെലവു കുറഞ്ഞ വിമാനക്കമ്പനികളിലൊന്നായ സ്പൈസ് ജെറ്റ് ആഭ്യന്തര കാർഗോ സർവീസുകൾ–സ്പൈസ് എക്സ്പ്രസ് 18ന് പ്രവർത്തനം ആരംഭിക്കും. ആഭ്യന്തര വിമാന നിരക്കുകൾ കുത്തനെ ഇടിഞ്ഞതോടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള വൈവിധ്യവൽക്കരണത്തിന്റെ ഭാഗമാണ് കമ്പനിയുടെ കാർഗോ സർവീസ്. 

നിലവിൽ സ്പൈസ്ജെറ്റ് യാത്രാ വിമാനങ്ങളിൽ ചെറിയ തോതിൽ കാർഗോ കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിദിനം 500 ടൺ ആണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഇത് ഈ വർഷാവസാനത്തോടെ 900 ടൺ ആക്കി ഉയർത്തും.

സ്പൈസ് എക്സ്പ്രസിനു വേണ്ടി ഒരു ബോയിങ് 737 കാർഗോ വിമാനം വാങ്ങുന്നുണ്ട്. അടുത്ത മാർച്ചോടെ സ്പൈസ് എക്സ്പ്രസിന് ഇത്തരത്തിലുള്ള നാലു വിമാനങ്ങളാകും. സ്പൈസ് ജെറ്റ് വിമാനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്ന 47 ആഭ്യന്തര സെക്ടറുകളും ഏഴു രാജ്യാന്തര സെക്ടറുകളും കേന്ദ്രീകരിച്ച് നിലവിൽ കാർഗോ കൈകാര്യം ചെയ്യുന്നുണ്ട്. 2022–ഓടെ ഇത് 150 കേന്ദ്രങ്ങളാക്കി വർധിപ്പിക്കാനാണു പദ്ധതി. ഇതിനാവശ്യമായ പുതിയ വിമാനങ്ങൾക്കും കമ്പനി ഓർഡർ നൽകിയിട്ടുണ്ട്.