മംഗളൂരു ∙ വനിതാ പൈലറ്റ് മദ്യലഹരിയിലായതിനെത്തുടർന്നു വിമാനം വൈകി. കഴിഞ്ഞദിവസം 180 യാത്രക്കാരുമായി മംഗളൂരുവിൽ നിന്നു ദുബായിലേക്കു പോയ സ്‌പൈസ്ജെറ്റ് വിമാനമാണു കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂറിലേറെ വൈകിയത്. തുർക്കി സ്വദേശിനിയായ പൈലറ്റ് മദ്യപിച്ചു ലക്കുകെട്ടു ജോലിക്ക് എത്തിയതോടെയാണു വിമാനം പുറപ്പെടാൻ അനുമതി ലഭിക്കാതെ വൈകിയത്.
തുർക്കിയിലെ കൊറണ്ടോൺ എയർലൈൻസിൽ നിന്നു വിമാനം വാടകയ്ക്ക് എടുത്താണ് സ്‌പൈസ്ജെറ്റ് ദുബായ് സർവീസ് നടത്തുന്നത്. ഇതിലെ ജീവനക്കാരും തുർക്കിയിൽ നിന്നുള്ളവരാണ്. ജോലിക്കു കയറുന്നതിനു മുമ്പുള്ള പതിവു വൈദ്യ പരിശോധനയിലാണ് പൈലറ്റായ യുവതി അമിതമായി മദ്യപിച്ചിട്ടുണ്ടെന്നു കണ്ടെത്തിയത്. ഇതോടെ ഇവർക്കു വിമാനം പറത്താൻ അനുമതി നിഷേധിച്ചു.
തുടർന്നു സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്നു യാത്രക്കാർക്ക് അറിയിപ്പു നൽകി. വെളുപ്പിന് 12.40നു പുറപ്പെടേണ്ടിയിരുന്ന വിമാനം പകരം പൈലറ്റിനെ എത്തിച്ച് രാവിലെ ആറിനാണു യാത്ര ആരംഭിച്ചത്. മദ്യപിച്ചെത്തിയ പൈലറ്റിനെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.