കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട്ടിലെ പോർച്ചിൽ കിടന്നിരുന്ന ആഡംബരക്കാറിൽ വെള്ളം കയറി. കാർ വർക്‌ഷോപ്പിലെത്തിക്കാൻ തന്നെ നല്ലൊരു തുക ചെലവാക്കേണ്ടി വന്നു. ഇൻഷുറൻസ് ക്ലെയിം കണക്കാക്കി വന്നപ്പോൾ വീണ്ടും പണം നൽകിയാൽ മാത്രമേ കാർ നന്നാക്കി കിട്ടുകയുള്ളൂ എന്നാണറിഞ്ഞത്. പ്രകൃതി ദുരന്തങ്ങളിൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ പൂർണ പരിരക്ഷ ലഭിക്കില്ലേ?
∙ വാഹനങ്ങൾക്കു പ്രധാനമായും രണ്ടു തരത്തിലുള്ള ഇൻഷുറൻസ് സംരക്ഷമാണ് വാങ്ങാവുന്നത്. മറ്റു വാഹനങ്ങൾക്കും വ്യക്തികൾക്കും സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കു പരിഹാരം നൽകുന്നതിനുവേണ്ടി നിയമപരമായി നിർബന്ധമായും എടുത്തിരിക്കേണ്ടുന്ന തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ആദ്യത്തേത്. അപകടം സംഭവിക്കുമ്പോൾ വാഹന ഉടമയ്ക്കും വാഹനത്തിനും സംഭവിക്കുന്ന ക്ഷതങ്ങൾക്കും കേടുപാടുകൾക്കുമെതിരെ സംരക്ഷണം ലഭിക്കുന്നതിനായുള്ള കോംപ്രിഹെൻസീവ് പോളിസി രണ്ടാമത്തേത്. സാധാരണ കോംപ്രിഹെൻസീവ് പോളിസി എടുത്തിട്ടുണ്ടെങ്കിലും വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നഷ്ടം പൂർണമായും പരിഹരിക്കണമെങ്കിൽ പ്രധാനമായും ചില ‘ആഡ് ഓൺ കവറുകൾ’ അഥവാ അധിക പരിരക്ഷ കൂടി ഉണ്ടെങ്കിൽ മാത്രമേ സാധ്യമാകുന്നുള്ളൂ. റോഡ് സൈഡ് അസിസ്റ്റൻസ് കവർ, എൻജിൻ പ്രൊട്ടക്‌ഷൻ കവർ, സീറോ ഡിപ്രീസിയേഷൻ കവർ എന്നിവ കൂടി അധികമായി വാങ്ങിയിട്ടുള്ള പോളിസികൾ ഉണ്ടെങ്കിൽ ഈ ചോദ്യത്തിൽ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരമാകും.
റോഡ് സൈഡ് സഹായം
അപകടം സംഭവിക്കുമ്പോൾ കേടുപാടുകൾക്കു പരിഹാരം കാണുന്നതിനായി വാഹനം സർവീസ് കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കുന്നു. വാഹനം സ്റ്റാർട്ട് ആകാതെയും സുഗമമായി ഓടിച്ച് സർവീസ് സ്റ്റേഷനിൽ എത്താൻ സാധിക്കാത്ത രീതിയിൽ കേടുപാടുകൾ സംഭവിക്കുമ്പോഴാണ് പ്രത്യേക തരം റിക്കവറി വാഹനങ്ങൾ ഉപയോഗിച്ചു കെട്ടിവലിച്ച് സർവീസ് ഗാരിജിൽ എത്തിക്കേണ്ടി വരുന്നത്. കെട്ടി വലിച്ചോ പ്രത്യേക വാഹനങ്ങൾക്കു മുകളിൽ കയറ്റിയോ കൊണ്ടുപോകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം അതിന്റെ ചെലവും ഇൻഷുറൻസ് കമ്പനി തന്നെ വഹിക്കും.
ഡിപ്രീസിയേഷൻ
വാഹനം പഴയതാകുമ്പോൾ കേടുപാടുകൾ സംഭവിച്ചു മാറ്റി വയ്ക്കുന്ന ഭാഗങ്ങൾക്കു ഡിപ്രീസിയേഷൻ കിഴിച്ചുള്ള തുക മാത്രമേ ഇൻഷുറൻസ് കമ്പനി നൽകുന്നുള്ളൂ. ബാക്കി തുക വാഹന ഉടമ സ്വയം വഹിക്കേണ്ടി വരുന്നു. സീറോ ഡിപ്രീസിയേഷൻ പരിരക്ഷയുള്ള പോളിസികളാണെങ്കിൽ റിപ്പയർ ചെലവ് പൂർണമായും ഇൻഷുൻസ് കമ്പനി തിരികെ നൽകും.
എൻജിൻ പ്രൊട്ടക്ടർ
പ്രളയത്തിൽ പെടുന്ന വാഹനങ്ങൾക്കു സംഭവിക്കുന്ന കേടുപാടുകളിൽ എൻജിൻ, ഗിയർ ബോക്‌സ് തുടങ്ങിയ സുപ്രധാന ഭാഗങ്ങൾക്കുണ്ടാകുന്ന നാശം താങ്ങാനാവാത്ത നഷ്ടമുണ്ടാകും. കോംപ്രിഹെൻസീവ് പോളിസിയിൽ മാത്രം ഈ നഷ്ടം പൂർണമായും നികത്താനാവില്ല. സാധാരണ അപകടങ്ങളിൽ പോലും ഓയിൽ ലീക്കായി എൻജിനും അനുബന്ധ ഭാഗങ്ങളും കേടു വരാനുള്ള സാധ്യതയുണ്ട്. എൻജിൻ പ്രൊട്ടക്ടർ ആഡ് ഓൺ പരിരക്ഷയുണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ എൻജിന്റെ നഷ്ടം പൂർണമായും ഇൻഷുറൻസ് കമ്പനി പരിഹരിച്ചു നൽകും. മുങ്ങിപ്പോകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുപയോഗിക്കുന്ന വാഹനങ്ങൾ ഈ പരിരക്ഷ അത്യാവശ്യമായും ഉൾപ്പെടുത്തണം.
ബംബർ ടു ബംബർ
കോംപ്രിഹെൻസീവ് പോളിസികളിൽ റബർ, ലതർ തുടങ്ങിയ സാമഗ്രികൾ കൊണ്ട് നിർമിച്ചുട്ടുള്ള വാഹന ഭാഗങ്ങൾ പൊതുവെ ഇൻഷുറൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഫൈബർ കൊണ്ട് നിർമിച്ചവയും ഒഴിവാക്കപ്പെടുകയോ, ഭാഗികമായി ഉൾപ്പെടുത്തുകയോ ചെയ്യുന്നു. വെള്ളം കയറി ഇത്തരം ഭാഗങ്ങൾ നശിക്കുമ്പോൾ പൂർണ പരിരക്ഷ ലഭി്ക്കണമെങ്കിൽ ബംബർ ടു ബംബർ കവർ ഉണ്ടായിരിക്കണം. കൂടാതെ കാറുകളിൽ ഘടിപ്പിക്കുന്ന വില കൂടിയ ആക്‌സസറീസ് കേടാകുമ്പോൾ ഇൻഷുറൻസ് ക്ലെയിമിൽ ഉൾപ്പെടുത്താനാകില്ല. വില കൂടിയ സീറ്റ് കവർ തുടങ്ങി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള കാറുകളാണെങ്കിൽ ആക്‌സസറീസ് കവർ കൂടി ഉൾപ്പെടുത്തിയാൽ വെള്ളപ്പൊക്കത്തിലും മറ്റും സംഭവിക്കുന്ന നഷ്ടങ്ങൾക്കും പരിഹാരം ലഭിക്കും.
ടോട്ടൽ ലോസ്
അപകടങ്ങളിൽപ്പെട്ടോ വെള്ളം കയറിനിന്നോ വീണ്ടും റിപ്പയർ ചെയ്ത് ഉപയോഗിക്കാനാവാത്ത വിധത്തിൽ വാഹനം നഷ്ടപ്പെടുന്നതിനെയാണ് ടോട്ടൽ ലോസ് എന്നു പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സാധാരണ ക്രോംപ്രിഹെൻസീവ് പോളിസികളിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുക മാത്രം ഉപയോഗിച്ചാൽ സമാനമായ പുതിയ കാർ വാങ്ങാൻ തികയില്ല.
ഇൻവോയിസ് കവർ എന്ന ആഡ് ഓൺ ഉൾപ്പെടുത്തിയാൽ കാർ മോഷണം പോകുന്ന സന്ദർഭങ്ങളിൽ ഉൾപ്പെടെ ടോട്ടൽ ലോസ് ഉണ്ടാകുമ്പോൾ കാറിന്റെ യഥാർഥ ഇൻവോയിസിൽ ഉള്ളത്ര തുക നഷ്ട പരിഹാരമായി ലഭിക്കും.