വൈദ്യുതി വിതരണം: വരുമോ സ്വകാര്യ കമ്പനികൾ

കൊച്ചി ∙ ഡൽഹി, മുംബൈ മാതൃകയിൽ രാജ്യമാകെ വൈദ്യുതിവിതരണത്തിനു സ്വകാര്യ കമ്പനികൾ വരുമോ? വൈദ്യുതി നിയമ ഭേദഗതി ബില്ലിന്റെ കരട് വലിയ വ്യത്യാസമില്ലാതെ നിയമമായാൽ അതുണ്ടാവും. വൈദ്യുതി വിതരണ രംഗത്തു സംസ്ഥാന വൈദ്യുതി ബോർഡുകൾക്കുള്ള കുത്തക അവസാനിക്കും. സപ്ലൈ ലൈസൻസുള്ള ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി ഉപയോക്താക്കൾക്കു വിൽക്കാം. മൊബൈൽ കണക്‌ഷൻ മാറും പോലെ ഉപയോക്താവിന് ഇഷ്ടമുള്ള കമ്പനിയിൽനിന്നു വൈദ്യുതി വാങ്ങാവുന്ന അവസ്ഥ.

കേരളത്തിൽ ഇപ്പോൾ വൈദ്യുതി വിതരണം കെഎസ്ഇബിയുടെ കുത്തകയാണ്. കരട് ബിൽ നിയമമായാൽ, ലൈസൻസ് ലഭിക്കുന്ന കമ്പനിക്കു കെഎസ്ഇബിയിൽനിന്നോ, പുറത്തുനിന്നു നേരിട്ടോ വൈദ്യുതി കൊണ്ടുവരാം. നേരിട്ടുകൊണ്ടുവരുന്ന വൈദ്യുതിക്കു ലൈൻ വാടക നൽകിയാൽ മതി. ഉപയോക്താവിൽനിന്നു വാങ്ങാവുന്ന വൈദ്യുതി നിരക്കിന്റെ പരമാവധി എത്രയെന്നു സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കും. 

തൽക്കാലം നഗരപ്രദേശങ്ങളിൽ മാത്രമേ വൈദ്യുതി വിതരണത്തിനു സ്വകാര്യ കമ്പനികൾ വരാൻ സാധ്യതയുള്ളു. ഒന്നിലേറെ വിതരണക്കാരുണ്ടാകുമ്പോൾ മൽസരം ഉണ്ടാവുകയും വൈദ്യുതി നിരക്കു കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ബിൽ നിയമമാകുമ്പോൾ ഏതൊക്കെ വകുപ്പുകൾ ഉണ്ടാകുമെന്നറിഞ്ഞാലേ ഇക്കാര്യത്തിൽ തീരുമാനമാകൂ. ഉപയോക്താവിന് 24 മണിക്കൂറും വൈദ്യുതി നൽകാൻ കഴിഞ്ഞില്ലെങ്കിൽ വിതരണക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന നിബന്ധന നടപ്പായാൽ അതും ഗുണകരമാകും. 

നാഷണൽ ഗ്രിഡും സംസ്ഥാന ഗ്രിഡുകളും തമ്മിൽ പരസ്പരബന്ധിതമായതിനാൽ രാജ്യത്ത് എവിടെനിന്നും വൈദ്യുതി കൊണ്ടുവരാൻ തടസ്സമില്ല. കരട്ബില്ലിലെ വ്യസ്ഥകളെക്കുറിച്ച് പല സംസ്ഥാനങ്ങളും എതിർപ്പറിയിച്ചിട്ടുണ്ട്. ഇവ കൂടി പരിഗണിച്ച് എന്നു നിയമം കൊണ്ടു വരാനാകുമെന്ന് വ്യക്തമല്ല. കേരളത്തിൽ മൂന്നാറിൽ ടാറ്റായും തൃശൂരിൽ തൃശൂർ നഗരസഭയും വില്ലിങ്ടൺ ഐലൻഡിൽ കൊച്ചി തുറമുഖട്രസ്റ്റുമാണ് ഇപ്പോൾ വൈദ്യുതി വിതരണം.