Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖരമാലിന്യത്തിൽ നിന്നു വൈദ്യുതി: കമ്പനികളുടെ യോഗ്യത പുനർനിർണയിച്ചു

തിരുവനന്തപുരം ∙ ഖരമാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു തയാറാകുന്ന കമ്പനികളുടെ യോഗ്യത മന്ത്രിസഭ പുനർനിർണയിച്ചു. ഇന്ത്യയിലോ വിദേശത്തോ കുറഞ്ഞത് ഒരു മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് എങ്കിലും രൂപകൽപന ചെയ്തവർക്കും പ്രവർത്തിപ്പിക്കുന്നവർക്കും കരാറിൽ ഏർപ്പെടാം. വിദേശത്താണെങ്കിൽ അഞ്ചു വർഷവും ഇന്ത്യയിൽ ഒരു വർഷവും പരിചയം വേണം. പ്ലാന്റ് ഇപ്പോൾ പ്രവർത്തിക്കുന്നതായിരിക്കണം. ഒരു വർഷത്തെ പരിചയം മാത്രമാണു നേരത്തെ പരിഗണിച്ചിരുന്നത്. വിദേശ പരിചയമുള്ള കമ്പനികളെക്കൂടി ഉൾപ്പെടുത്താൻ പുതിയതായി തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരം,തൃശൂർ,പാലക്കാട്,കോഴിക്കോട്,കണ്ണൂർ,കൊല്ലം,മലപ്പുറം ജില്ലകളിലാണു സ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. അഞ്ചു മെഗാവാട്ട് വൈദ്യുതി വരെ ഉൽപ്പാദിപ്പിക്കാവുന്ന പ്ലാന്റ് സ്ഥാപിക്കുകയാണു ലക്ഷ്യം. വൈദ്യുതി, റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന വിലയ്ക്കു വൈദ്യുതി ബോർഡ് വാങ്ങും. പ്ലാന്റിന്റെ പ്രതിദിന സംസ്‌ക്കരണ ശേഷി 300 ടൺ ആയിരിക്കുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്‌കരിക്കാനുള്ള മാലിന്യം നിശ്ചിത അളവിൽ തദ്ദേശ സ്ഥാപനം നൽകണം. നൽകാനായില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ പിഴ അടയ്ക്കണം.ഒരു വർഷത്തേക്കു നിശ്ചയിക്കുന്ന ടിപ്പിങ് ഫീസിന്റെ 25 ശതമാനം പിഴ നൽകണമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തി ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പരിഷ്‌കരിക്കും.

കരാർ അനുസരിച്ചു നൽകേണ്ട മാലിന്യത്തിൽ 90 ശതമാനമെങ്കിലും നൽകിയില്ലെങ്കിലാണു പിഴ നൽകേണ്ടി വരുക. കുറവുവരുന്ന മാലിന്യത്തിനു ടണ്ണിന് 1500 രൂപ നിരക്കിൽ പിഴ ഈടാക്കാമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. നിശ്ചിത അളവിൽ മാലിന്യം നൽകുന്നതു സംബന്ധിച്ചു കെഎസ്ഐഡിസിയും തദ്ദേശസ്ഥാപനവുമായി കരാർ ഉണ്ടാക്കും. പ്ലാന്റിൽ നിന്ന് അഞ്ച് മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കും.