തിരുവനന്തപുരം∙ വൈദ്യുതി നിരക്കു കൂട്ടണമെന്ന് ആവശ്യപ്പെട്ടു ബോർഡ് നൽകിയ അപേക്ഷ സംബന്ധിച്ചു പല കാര്യങ്ങളിലും ആശയക്കുഴപ്പമുള്ളതിനാൽ റഗുലേറ്ററി കമ്മിഷൻ കൂടുതൽ വിശദീകരണം തേടി. ഇതു ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനമോ അടുത്ത മാസമോ നിരക്കു വർധിപ്പിച്ച് ഉത്തരവിറക്കും. അടുത്ത മാസം നിരക്കു വർധന പ്രാബല്യത്തിൽ വരും.
വൈദ്യുതി നിരക്കു കാര്യമായ തോതിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ബോർഡ് സമർപ്പിച്ച അപേക്ഷയിലെ കണക്കുകളിൽ പല പൊരുത്തക്കേടുമുണ്ടെന്നാണ് ഉപയോക്താക്കളുടെ പ്രതിനിധികൾ കമ്മിഷൻ മുമ്പാകെ വാദിച്ചത്. പല കാര്യങ്ങളും ബോർഡ് മറച്ചുവച്ചെന്നും ആക്ഷേപമുയർന്നു. ഫിക്സ്ഡ് നിരക്കു വർധിപ്പിച്ചാൽ ഗാർഹിക ഉപയോക്താക്കൾ സോളർ വൈദ്യുതിയിലേക്കു തിരിയാൻ മടിക്കുമെന്നും അഭിപ്രായമുണ്ടായി. റഗുലേറ്ററി കമ്മിഷൻ നടത്തിയ ഹിയറിങ് ഇന്നലെയാണു പൂർത്തിയായത്.
ഉപയോക്താക്കളുടെ വാദത്തിൽ കഴമ്പുള്ളതിനാലാണു ബോർഡിനോടു കമ്മിഷൻ കൂടുതൽ വിശദാംശം തേടിയത്. അതു പഠിച്ച ശേഷം ന്യായമായ നിരക്കുവർധന അനുവദിക്കാനേ സാധ്യതയുള്ളൂ. നാലു വർഷത്തെ വൈദ്യുതി നിരക്കുകൾ ഒന്നിച്ചു പ്രഖ്യാപിക്കാനാണു കമ്മിഷൻ ആലോചിക്കുന്നത്. കോഴിക്കോട്, കൊച്ചി, കട്ടപ്പന, തിരുവനന്തപുരം എന്നിവിടങ്ങളിൽ കമ്മിഷൻ നടത്തിയ ഹിയറിങ്ങിൽ ബോർഡിന്റെ നിലപാടിനെതിരെ ഉപയോക്താക്കൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. നിരക്കു വർധനയിൽ അപാകത സംഭവിച്ചാൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നതിനാൽ സൂക്ഷ്മമായി കണക്കുകൾ പരിശോധിച്ചിട്ടേ ഉത്തരവ് ഇറക്കാൻ സാധ്യതയുള്ളൂ.