ന്യൂഡൽഹി ∙ ഇറാനെതിരെ യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ഇറാനിൽ ഇന്ത്യ മുതൽമുടക്കിയിട്ടുള്ള ചാബഹാർ തുറമുഖ പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. ഉപരോധത്തിന്റെ വിശദാംശങ്ങൾ ലഭ്യമായശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ.
ഊർജം, ബാങ്കിങ്, ഷിപ്പിങ്, കപ്പൽ നിർമാണം എന്നിവയ്ക്കാണ് പ്രത്യക്ഷത്തിൽ ഉപരോധമുള്ളത്. എന്നാൽ, ചാബഹാർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് യുഎസ് തടസ്സമുണ്ടാക്കില്ലെന്ന രീതിയിൽ മുന്നോട്ടുപോകാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര വടക്കു തെക്കൻ ഗതാഗത ഇടനാഴിയെക്കുറിച്ച് (ഐഎൻഎസ്ടിസി) മന്ത്രിതല ചർച്ച നടത്താൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇന്തോ – പസിഫിക് ബന്ധന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ചാബഹാർ അതിൽ പ്രധാനമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.
കഴിഞ്ഞ വർഷം 22.6 ദശലക്ഷം ടണ്ണായിരുന്നു ഇറാനിൽനിന്നുള്ള ഇറക്കുമതി. അത് ഈ വർഷം 25 ദശലക്ഷം ടണ്ണായി വർധിപ്പിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാൽ, ഇപ്പോൾ യുഎസുമായി ഉണ്ടാക്കിയിട്ടുള്ള ധാരണയനുസരിച്ച് ഇറക്കുമതി 15 ദശലക്ഷം ടണ്ണായി കുറയ്ക്കേണ്ടിവരും.
ഇപ്പോൾ നിർദേശിച്ചിട്ടുള്ളത് ഇറക്കുമതി 35% കുറയ്ക്കണമെന്നാണെങ്കിലും, ഇറക്കുമതി പൂർണമായി നിർത്തണമെന്നു യുഎസ് നിലപാടെടുക്കില്ലെന്നു പറയാനാവില്ല. എങ്കിലും, ഇപ്പോഴത്തെ ഇളവ് ഇന്ത്യൻ ഓയിലിനും മാംഗ്ളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിനും വലിയ ആശ്വാസമാവും. ഇറാനിൽനിന്നുള്ള ഇറക്കുമതിക്കാരുടെ പട്ടികയിൽ മുന്നിലുള്ള ഈ കമ്പനികൾ ഈ മാസത്തേക്കു മാത്രം 1.25 ദശലക്ഷം ടൺ എണ്ണ ഇറക്കുമതിക്ക് ധാരണയുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്നതാണ് ചാബഹാർ തുറമുഖ പദ്ധതി. പാക്കിസ്ഥാനിലൂടെയുള്ള സഞ്ചാരമാർഗത്തിനുള്ള തടസ്സങ്ങൾ കണക്കിലെടുക്കുമ്പോൾ, അഫ്ഗാനിസ്ഥാനുമായും മധ്യേഷൻ രാജ്യങ്ങളുമായുള്ള ശാക്തിക, വാണിജ്യ ഇടപാടുകൾക്ക് ചാബഹാർ ഇന്ത്യയ്ക്കു സുപ്രധാനമാണ്. പാക്കിസ്ഥാനിലെ ഗ്വദാർ തുറമുഖത്തിന് 80 കിലോമീറ്റർ മാത്രം അകലെയാണ് ചാബഹാർ. ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പശ്ചാത്തലത്തിലും ചാബഹാർ ഇന്ത്യയ്ക്കു പ്രധാനമാണ്.
ഇറാനിലെ 50 തുറമുഖങ്ങളെയും കണ്ടെയ്നർ നീക്കത്തെയും സാമ്പത്തിക ഉപരോധത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ടെന്നാണ് യുഎസ് വ്യക്തമാക്കിയത്. എന്നാൽ, ഇന്ത്യയ്ക്ക് വ്യാപാരപരമായ ഇളവുകൾ അനുവദിച്ചാൽ ചാബഹാറിനും അതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചാബഹാർ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഷഹീദ് ബെഹസ്തി തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യാ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനു കൈമാറാനുള്ള കരാർ അടുത്തിടെ ഒപ്പുവച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ പുനനിർമാണവുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ചാബഹാർ പദ്ധതിക്ക് യുഎസ് തടസ്സം നിൽക്കില്ലെന്നാണ് യുഎന്നിലെ യുഎസ് സ്ഥാനപതി നിക്കി േഹലി പറഞ്ഞത്. ഇളവ് അനുവദിക്കുന്നത് യുഎസ് പ്രസിഡന്റിനു താൽപര്യമുള്ള കാര്യമല്ല; അതുകൊണ്ടുതന്നെ, ചാബഹാറിന്റെ കാര്യത്തിൽ ഇളവ് സംശയകരമാണെന്ന് അഫ്ഗാനിസ്ഥാനും പാകിസ്ഥാനുമായുള്ള യുഎസിന്റെ പ്രത്യേക പ്രതിനിധിയുടെ സീനിയർ അഡ്വൈസറായി പ്രവർത്തിച്ച ബാർനറ്റ് റൂബിൻ അടുത്തിടെ പറഞ്ഞിരുന്നു.
ചാബഹാർ തുറമുഖം
ഇറാന്റെ തെക്കുകിഴക്കായി ഒമാൻ കടലിടുക്കിലാണു ചാബഹാർ തുറമുഖം. ഷാഹിബ് കലന്തേരി, ഷാഹിബ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങൾ ചേർന്നതാണു ചാബഹാർ തുറമുഖം. ഇതിൽ ഷാഹിബ് ബഹേഷ്ടി വികസനത്തിനാണ് ഇന്ത്യ സഹകരിച്ചത്.
2003ൽ വാജ്പേയ് മന്ത്രിസഭയുടെ കാലത്താണ് ഇന്ത്യ – ഇറാൻ സഹകരണത്തിനു വാതിൽ തുറന്നത്. കഴിഞ്ഞ വർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനുമായി പുതിയ കരാറുണ്ടാക്കി. ചാബഹാർ തുറമുഖത്തു നിന്നു 100 കിലോമീറ്റർ അകലെയാണു പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാർ തുറമുഖം. ചൈന ഗ്വാദാർ തുറമുഖത്തു കോടികൾ മുടക്കി വൻകിട പദ്ധതികൾ നടപ്പാക്കുകയാണ്. തൊട്ടടുത്ത് ഇറാനിലെ ചാബഹാർ തുറമുഖത്തിന്റെ വികസനം ഏറ്റെടുക്കാൻ കഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.
ഇറക്കുമതി ഇളവ്: ന്യായീകരിച്ച് ട്രംപ്
വാഷിങ്ടൻ ∙ ഇന്ത്യ ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് അനുവദിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എണ്ണ വിപണിയിൽ ആഘാതം ഉണ്ടാക്കുന്നത് ഒഴിവാക്കാനും, വിലക്കയറ്റം പിടിച്ചുനിർത്താനുമാണ് ഈ നടപടിയെന്ന് ട്രംപ് പറയുന്നു. എണ്ണ വിപണിയുടെ കാര്യത്തിൽ ‘സാവധാനം’ നീങ്ങാനാണ് തീരുമാനം.
എണ്ണ വില കൂട്ടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എണ്ണ വില നിയന്ത്രണത്തിന് ഇറാനുമായി നേരിട്ടു ബന്ധമില്ല. എന്നാൽ ട്രംപിന്റെ നിലപാടിനെ ഡമോക്രാറ്റിക് പാർട്ടി വിമർശിച്ചു.