ബെയ്ജിങ് ∙ പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനുമായി ഇന്ത്യ സൃഷ്ടിച്ചിട്ടുള്ള ‘ആകാശ ഇടനാഴി’, ഈ മേഖലയുടെ കാര്യത്തിൽ ഇന്ത്യയുടെ ‘നിർബന്ധബുദ്ധി’യാണ് കാണിക്കുന്നതെന്ന് ചൈനീസ് ദേശീയ മാധ്യമം. ചൈനയുടെ സ്വപ്ന പദ്ധതിയായ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കു (സിപിഇസി) ബദൽ തീർക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ ‘ആകാശ ഇടനാഴി’യെന്നും ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനം അഭിപ്രായപ്പെടുന്നു.
പാക്കിസ്ഥാനെ സമ്പൂർണമായി ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള ആദ്യ ചരക്ക് വ്യോമപാത അടുത്തിടെയാണ് യാഥാർഥ്യമായത്. പാക്കിസ്ഥാന് മുകളിലൂടെ പറക്കാതെ ചരക്കു വിമാനങ്ങൾക്ക് ഇന്ത്യയിലെത്തുന്നതിനുള്ള പാതയാണിത്. അഫ്ഗാനിസ്ഥാനും മറ്റു മധ്യ ഏഷ്യൻ രാജ്യങ്ങൾക്കും ഇന്ത്യൻ വിപണി കൂടുതലായി തുറന്നുകൊടുക്കുന്ന ഈ പാത, അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് ഉദ്ഘാടനം ചെയ്തത്.
നിലവിൽ പൂർത്തിയായതും പരിഗണനയിലുള്ളതുമായ പാതകൾ യാഥാർഥ്യമാകുന്നതോടെ, പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും മറ്റ് മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കുമോയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മേഖലയുടെ സാമ്പത്തിക വികസനത്തിൽ ഇടപെടുന്നതിന് ഇന്ത്യയ്ക്കുള്ള താൽപര്യവും ഇക്കാര്യത്തിൽ ഇന്ത്യയ്ക്കുള്ള നിർബന്ധബുദ്ധിയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ലേഖനം പറഞ്ഞുവയ്ക്കുന്നു.
ചൈനയെ ആശങ്കപ്പെടുത്തി ഛബഹാറും
പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവരെ ഒഴിവാക്കിക്കൊണ്ടുള്ള പാതകൾ തുറക്കുന്നതിന് ഇന്ത്യ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി സഹകരിച്ചു നിർമിക്കുന്ന ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെയും പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇത്തരത്തിൽ ആകാശ, ജലപാതകൾ തീർത്ത് മധ്യേഷ്യൻ രാജ്യങ്ങൾക്കിടയിൽ സ്വാധീനം നിലനിർത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ, സമാന താൽപര്യങ്ങളുള്ള ചൈന ആശങ്കയോടെയാണ് കാണുന്നത്.
ഛബഹാർ തുറമുഖ വികസനനത്തിലൂടെ പ്രകൃതിവാതക സമ്പന്നമായ ഇറാനുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നത് വാതക ശേഖരത്തിൽ താരതമ്യേന ദരിദ്രമായ ഇന്ത്യയ്ക്കു നേട്ടമാകുമെന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാൻ, മധ്യ ഏഷ്യ, പടിഞ്ഞാറൻ യൂറോപ് എന്നിവിടങ്ങളിലെ വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾ എളുപ്പത്തിൽ അയക്കാനും ഇതുവഴി സാധിക്കും. അതും, പാക്കിസ്ഥാന്റെ സഹായം ഇല്ലാതെ തന്നെ. 700 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ മുടക്കുന്നത്. ഛബഹാർ തുറമുഖത്തിന്റെ നിയന്ത്രണം സാധ്യമാകുന്നതോടെ ഇന്ത്യക്കാർക്കു പാക്കിസ്ഥാനിലൂടെയല്ലാതെ അഫ്ഗാനിസ്ഥാനിലേക്കും റഷ്യയിലേക്കും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും പോകാം എന്നതാണു മറ്റൊരു പ്രധാന നേട്ടം.
ഛബഹാർ തുറമുഖത്തുനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണു പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാർ തുറമുഖം. പാക്കിസ്ഥാനുമായുള്ള സാമ്പത്തികബന്ധം ശക്തമാക്കുന്നതിനും ഏഷ്യൻ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേൽക്കൈ നേടാനും വേണ്ടി ചൈന ഗ്വാദാർ തുറമുഖത്തു കോടികൾ മുടക്കി വൻകിട പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തൊട്ടടുത്ത് ഇറാനിലെ ഛബഹാർ തുറമുഖത്തിന്റെ നിയന്ത്രണം നേടാൻ കഴിയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്. അതേസമയം, ഇറാന്റെ തെക്കൻ തീരത്തുള്ള ഛബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും സഹകരിക്കുന്നതു പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വൻ സുരക്ഷാ ഭീഷണിയാണെന്നു പാക്ക് പ്രതിരോധ വിദഗ്ധർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.