റബർ നയം വൈകില്ല: മന്ത്രി സുരേഷ് പ്രഭു

ന്യൂഡൽഹി∙ റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നയം വൈകാതെ പ്രഖ്യാപിക്കുമെന്നു കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭു. വിഷയം നിലവിൽ മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. സമിതിയുടെ അംഗീകാരത്തോടെ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. റബർ നയ രൂപീകരണത്തിന്റെ ഭാഗമായി കേരളത്തിലെ ചീഫ് സെക്രട്ടറി അധ്യക്ഷനായ കർമസമിതിക്കു കഴിഞ്ഞ മാർച്ചിൽ മന്ത്രാലയം രൂപം നൽകിയിരുന്നു.