ന്യൂഡൽഹി∙ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനു വ്യോമയാന വകുപ്പിന്റെ ചുമതല കൂടി നൽകി. രാജിവച്ച തെലുഗുദേശം മന്ത്രി അശോക് ഗജപതി രാജു കൈകാര്യം ചെയ്തിരുന്ന വകുപ്പാണിത്. നേരത്തേ റെയിൽവേ മന്ത്രി ആയിരുന്നു സുരേഷ് പ്രഭു.
രാജ്യത്തെ വ്യോമയാന മേഖല വലിയ കുതിപ്പിനു തയാറെടുക്കുന്ന സമയത്താണു സുരേഷ് പ്രഭുവിന് ഈ ചുമതല ലഭിച്ചിരിക്കുന്നത്. പുതിയ ഒട്ടേറെ വിമാനത്താവളങ്ങളിലേക്ക് ഉഡാൻ വിമാന സർവീസുകൾ ആരംഭിക്കാനിരിക്കുകയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് എയർ ഇന്ത്യയുടെ വിൽപന പൂർത്തിയാക്കാനും സർക്കാർ ലക്ഷ്യമിട്ടിട്ടുണ്ട്.