Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ വിമാനയാത്ര ഓട്ടോറിക്ഷ യാത്രയെക്കാൾ ലാഭകരം: കേന്ദ്രമന്ത്രി

jayant-sinha ജയന്ത് സിൻഹ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കിലോമീറ്റർ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഓട്ടോറിക്ഷ യാത്രയെക്കാൾ ലാഭകരമാണു വിമാന യാത്രയെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഗോരഖ്പുർ വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നു വിമാന യാത്ര ഓട്ടോ യാത്രയെക്കാൾ ലാഭകരമാണ്. ഇത് എങ്ങനെയാണെന്നു നിങ്ങൾ ചോദിക്കും. രണ്ടു പേർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ വാടകയായി പത്തു രൂപ കൊടുക്കും. കിലോമീറ്ററിന് അ​ഞ്ചു രൂപ നിരക്ക് എന്നർഥം. വിമാനയാത്രയിലാണെങ്കിൽ കിലോമീറ്ററിനു നാലു രൂപ മാത്രമാണ് ഈടാക്കുക" – മന്ത്രി പറഞ്ഞു.

ചെറിയ ദൂരത്തേക്കുള്ള യാത്രകൾക്കു വിമാനം ഉപയോഗിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും നിലവിലുള്ള മറ്റു ഗതാഗത നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിമാന യാത്രയുടെ നിരക്ക് തീർത്തും താങ്ങാനാവുന്നതാണെന്നു ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തതെന്നും മന്ത്രി പിന്നീടു വിശദമാക്കി. കിലോമീറ്റർ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ വ്യോമയാന നിരക്കാണ് ഇന്ത്യയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി സർക്കാരിനു കീഴിൽ വലിയ വികസനമാണു വ്യോമയാന രംഗത്തു നടന്നിട്ടുള്ളത്. വിമാനം വഴി സഞ്ചരിക്കുന്നവരുടെ സംഖ്യ 2018ൽ രണ്ടു മടങ്ങ് വർധിച്ചു. ആറു കോടി ആളുകൾ മാത്രമാണ് 2013ൽ വിമാന യാത്ര നടത്തിയിരുന്നത്. ഇന്നത് ഏതാണ്ട് 12 കോടിയായി മാറിക്കഴിഞ്ഞു. 75 വിമാനത്താവളങ്ങളുടെ സ്ഥാനത്ത് രാജ്യത്ത് ഇന്ന് 100 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.