സീസണല്ലാതിരുന്നിട്ടും മികച്ച വളർച്ച നേടി ഫെബ്രുവരി. മുൻ വർഷത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് 2018 ഫെബ്രുവരിയിൽ രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തെ വിമാനക്കമ്പനികളെല്ലാംകൂടി 1.074 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാനങ്ങളിൽ സഞ്ചരിച്ചത്. 2017 ഫെബ്രുവരിയിൽ ഇത് 86.5 ലക്ഷം മാത്രം ആയിരുന്നു.
വിമാനങ്ങളിലെ സീറ്റ്–പാസഞ്ചർ അനുപാതത്തിലും (പാസഞ്ചർ ലോഡ് ഫാക്ടർ) എക്കാലത്തെയും ഉയർന്ന നിലവാരമാണ് ഫെബ്രുവരി കണ്ടത്. എയർ ഇന്ത്യയൊഴികെ രാജ്യത്തെ എല്ലാ വിമാനക്കമ്പനികളും ഫെബ്രുവരിയിൽ 90 ശതമാനത്തിലേറെ സീറ്റുകളിൽ യാത്രക്കാരുമായാണ് പറന്നത്. സ്പൈസ് ജെറ്റിന് 96.3 ശതമാനം സീറ്റുകളിലും ഇൻഡിഗോയ്ക്ക് 91.8 ശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. ജെറ്റ് എയർവേയ്സും ഗോ എയറും 90.4 ശതമാനം സീറ്റുകൾ നിറച്ചായിരുന്നു യാത്ര. എയർ ഇന്ത്യ വിമാനങ്ങളിൽ 86.7 ശതമാനമായിരുന്നു ശരാശരി യാത്രക്കാരുടെ എണ്ണം.
ആഭ്യന്തര യാത്രക്കാരിൽ 39.9 ശതമാനവും സഞ്ചരിച്ചത് ഇൻഡിഗോയിൽ ആയിരുന്നു. ജെറ്റ് എയർവേയ്സ് ആണ് രണ്ടാം സ്ഥാനത്ത്. 16.8. എയർ ഇന്ത്യക്ക് 13.2 ശതമാനവും സ്പൈസ് ജെറ്റിന് 12.4 ശതമാനവും ഗോ എയറിന് 9.5 ശതമാനം യാത്രക്കാരുമുണ്ടായിരുന്നു.
കൃത്യസമയത്ത് സർവീസ് നടത്തിയ കാര്യത്തിൽ സ്പൈസ് ജെറ്റ് ആണു മുന്നിൽ. അവരുടെ 78 ശതമാനം സർവീസുകളും കൃത്യസമയത്തു നടത്തി. 74.8 ശതമാനവുമായി ഇൻഡിഗോ ആണ് രണ്ടാംസ്ഥാനത്ത്. ജെറ്റിന്റെ 62.2 ശതമാനം സർവീസുകൾ മാത്രമാണ് കൃത്യസമയത്ത് നടത്തിയത്.
രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. അടുത്ത ഇരുപതു വർഷം കൊണ്ട് 1750 പുതിയ യാത്രാ വിമാനങ്ങൾ ഇന്ത്യയിലെ വിമാനക്കമ്പനികൾ സ്വന്തമാക്കുമെന്നാണ് കണക്ക്. യൂറോപ്യൻ വിമാനനിർമാണ കമ്പനിയായ എയർബസിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വിമാനക്കമ്പനികൾ ഓരോ ആഴ്ചയിലും ഒരു എയർബസ് വിമാനം വാങ്ങുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
കൊച്ചി 5 ലക്ഷത്തിലേക്ക്
ഫെബ്രുവരിയിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് 4.63 ലക്ഷം യാത്രക്കാരാണ്.
കൊച്ചിയിൽനിന്ന് ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്. 1.09 ലക്ഷം. 1.06 ലക്ഷം യാത്രക്കാരുമായി മുംബൈ തൊട്ടുപിന്നിലുണ്ട്. ഡൽഹിയിലേക്ക് കൊച്ചിയിൽനിന്ന് 83105 യാത്രക്കാരും ചെന്നൈയിലേക്ക് 67350 യാത്രക്കാരും ഫെബ്രുവരിയിൽ യാത്ര ചെയ്തു. 48235 യാത്രക്കാരുമായി ഹൈദരാബാദ് ആണ് തൊട്ടു പിന്നിൽ.
ലക്ഷദ്വീപിലെ അഗത്തിയിലേക്കു കഴിഞ്ഞ മാസം 2139 യാത്രക്കാർ സഞ്ചരിച്ചു. അഹമ്മദാബാദിലേക്ക് 10607 യാത്രക്കാരും പുണെയിലേക്ക് 18159 യാത്രക്കാരും സഞ്ചരിച്ചു. കൊച്ചി–തിരുവനന്തപുരം സെക്ടറിലെ യാത്രക്കാരുടെ എണ്ണം 10133 ആണ്.
∙ വർഗീസ് മേനാച്ചേരി.