Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഇനി വിമാനത്തിൽ ഫോൺ വിളിക്കാം, ഓൺലൈനാകാം; പച്ചക്കൊടി വീശി കേന്ദ്രം

flight-inside-plane-representational-image Representational Image

ന്യൂഡൽഹി∙ ഇന്ത്യയിൽ ഇനി വിമാനത്തിൽ പറക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിക്കാം, ഇന്റർനെറ്റ് ഉപയോഗിക്കാം. ആകാശയാത്രകളിൽ വോയിസ്–ഡേറ്റാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വിമാന കമ്പനികൾക്കു കേന്ദ്രസർക്കാർ അനുമതി നൽകി. ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളിൽ ഏതാനും മാസത്തിനകം‌ സേവനങ്ങൾ പ്രാബല്യത്തിലാകും. ഇന്ത്യൻ ആകാശത്തു മാത്രമായിരിക്കും സൗകര്യം ലഭ്യമാകുക. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കുമെന്നും വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അധ്യക്ഷയായ ഉന്നതാധികാര സമിതി ടെലികോം കമ്മിഷനാണ്, ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ചത്. വിമാനം 3000 അടി ഉയരത്തിൽ എത്തുമ്പോൾ യാത്രക്കാർക്കു സ്മാർട് ഫോണുകൾ ഉപയോഗിക്കാനാകും. ടെലികോം, വിമാന കമ്പനികൾ ഇതിനാവശ്യമായ സൗകര്യങ്ങൾ ഉടൻ ഏർപ്പാടാക്കും.

സേവനത്തിന് ഈടാക്കുന്ന തുക സംബന്ധിച്ചും വിമാന കമ്പനികൾക്കു തീരുമാനമെടുക്കാമെന്ന് അരുണ സുന്ദരരാജൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയം നേരത്തേത്തന്നെ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും(ട്രായ്) ഇക്കാര്യത്തിൽ നേരത്തേ പച്ചക്കൊടി കാണിച്ചതാണ്. രാജ്യാന്തരതലത്തിൽ മുപ്പതിലധികം വിമാനക്കമ്പനികൾ നിലവിൽ മൊബൈൽ കോൾ, ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.