കൊച്ചി ∙ കേരളത്തിൽ രാജ്യാന്തര വിമാന യാത്രക്കാരുടെ വളർച്ചനിരക്കിൽ ഇടിവ്, അതേസമയം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധന. വിമാനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ.
വിദേശത്തേക്കും ഇങ്ങോട്ടുമുള്ള വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല. എന്നാൽ വളർച്ചാനിരക്ക് മുൻപ് 14% വരെ ഉയർന്നിരുന്നത് ഏഴു ശതമാനമായി. ഗൾഫ് രാജ്യങ്ങളിൽനിന്നു കുടുംബങ്ങൾ തിരികെപ്പോരുന്നതും കെട്ടിട നിർമാണം പോലുള്ള മേഖലകളിൽ തൊഴിലവസരങ്ങൾ കുറഞ്ഞതുമാണു കാരണം. വിദേശത്തേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണത്തിൽ കുറവു വന്നു.
എന്നാൽ അതിനു പകരം ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 30% വളർച്ചയോടെ കുതിക്കുന്നതാണു സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലുമായി കാണുന്നത്. അതനുസരിച്ച് വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയായി. ഫലം എയർപോർട്ടുകളിൽ വിമാനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. ആഭ്യന്തര ടെർമിനലുകൾ വൻതോതിൽ വികസിപ്പിക്കേണ്ട സ്ഥിതിയുമായി.
പറക്കുന്ന കണക്കുകൾ
ഇക്കൊല്ലം ജനുവരി മുതൽ മേയ് അവസാനം വരെ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലായി വന്നതും പോയതുമായ വിദേശയാത്രക്കാർ 44,98,667. കഴിഞ്ഞവർഷം (2017) ജനുവരി മുതൽ മേയ് വരെ 41,89,203 വിദേശയാത്രക്കാരുണ്ടായിരുന്നു. വർധന 3,09,464. വളർച്ചനിരക്ക് 7.3% മാത്രം. ഇതേ സ്ഥാനത്ത് ഇക്കൊല്ലം ജനുവരി മുതൽ മേയ് വരെ കേരളത്തിൽ വന്നുപോയ ആഭ്യന്തര വിമാനയാത്രക്കാർ 33,53,759. കഴിഞ്ഞ വർഷം 25,82,642. വ്യത്യാസം 7,71,117. വളർച്ചനിരക്ക് 29.8%.
ഈ പോക്ക് എവിടേക്ക്
ഒരു വർഷത്തിനകം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വിദേശയാത്രക്കാരുടെ എണ്ണത്തെ മറികടക്കും. നിലവിൽ കഷ്ടിച്ച് മൂന്നു ലക്ഷമാണു വ്യത്യാസം. കേരളത്തിലേക്കു വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുന്നില്ലെങ്കിൽ വിദേശത്തേക്കുള്ള വിമാനസഞ്ചാരികളുടെ എണ്ണത്തിലെ വളർച്ച നാമമാത്രമാകാനാണു സാധ്യതയെന്നു വിദഗ്ധർ വിലയിരുത്തുന്നു. സാച്ചുറേഷനിലേക്കാണു പോക്ക്.
കൊച്ചി വിമാനത്താവളത്തിൽ മാത്രം 2021ൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഒരു കോടി കടക്കുമെന്നാണു വിലയിരുത്തൽ. 2017ൽ 44,80,921 ആഭ്യന്തര യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്.
സൗകര്യങ്ങൾ കൂടണം
ആഭ്യന്തര വിമാന യാത്രക്കാരിലെ ഈ വർധന നേരിടാൻ എല്ലാ വിമാനത്താവളങ്ങളും തയാറെടുക്കുകയാണ്. കൊച്ചിയിൽ പുതിയ ആഭ്യന്തര ടെർമിനൽ അഞ്ചു ലക്ഷം ചതുരശ്രയടിയിലാണ് ഒരുങ്ങുന്നത്. നിലവിൽ ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണം മാത്രമുള്ള സ്ഥാനത്താണിത്. അഞ്ചിരട്ടി. വിമാനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലവും ഹാങ്ങർ സൗകര്യവും വേണം. തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ ആഭ്യന്തര ടെർമിനൽ നിർമിക്കാൻ 18 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കുകയാണ്. കണ്ണൂർ വിമാനത്താവളവും കൂടി യാഥാർഥ്യമാവുന്നതോടെ ഈ കണക്കുകളിൽ ഇനിയും വൻ വളർച്ചയുണ്ടാകും.
എല്ലാവരും പറക്കുന്നു
ഇന്ത്യയാകെയുള്ള ട്രെൻഡിന്റെ ഭാഗമാണിത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ തലത്തിൽ 19% വർധനയുണ്ട്. ഇന്ത്യ ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാരുള്ള മൂന്നാമത്തെ രാഷ്ട്രമായി. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യയിലാകെയുള്ള വിമാനങ്ങളുടെ എണ്ണം ഇപ്പോൾ 563 എങ്കിൽ 2023ൽ ആയിരം കവിയും.